പാറശാല: റെയിൽവേ ട്രാക്കിൽ ജീർണിച്ച തലയും ഷൂസും കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇന്നലെ രാവിലെ പാറശാല പവതിയാൻവിള റെയിൽവേ പാലത്തിന് അടിയിലെ ട്രാക്കിലാണ് രണ്ട് ഷൂസും തൊട്ടടുത്ത് തന്നെ ഒരു ജീർണിച്ച തലയും കണ്ടെത്തിയത്. പരിഭ്രാന്തരായ നാട്ടുകാർ വാർഡ് മെമ്പറെയും തുടർന്ന് പൊലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇറച്ചി വേസ്റ്റായി കൊണ്ടിട്ട ഒരു മാടിന്റെ ജീർണിച്ച തലയാണെന്ന് മനസിലായത്. നിരന്തരം ഇവിടെ മാലിന്യങ്ങൾ തള്ളുന്ന ആരോ ഇറച്ചിവേസ്റ്റ് ഉൾപ്പെടെ കൊണ്ടിട്ടതിന്റെ കൂട്ടത്തിൽ ഷൂസുകളും ഉൾപ്പെട്ടതായിരുന്നു. ഷൂസുകളും ജീർണിച്ച തലയും ഒരുമിച്ച് കണ്ടപ്പോൾ മനുഷ്യന്റെ തലയാണെന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചത്.