1

തിരുവനന്തപുരം: ചിറയിൻകീഴ് അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ ശശികലയെ (46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു. ശശികലയുടെ ഭർത്താവ് രാജൻ എന്ന ലാലുവിനെയാണ് (52) തിരുവനന്തപുരം ആറാം അഡിഷണൽ ജഡ്‌ജ് കെ. വിഷ്‌ണു ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 2018 ആഗസ്റ്റ് 18നായിരുന്നു കേസിനാസ്‌പദമായ സംഭവം.

ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് കൊലപാതകം. സംഭവദിവസം രാത്രി എട്ടിന് ശശികലയും ഭർത്താവ് രാജനും താമസിച്ചിരുന്ന വീട്ടിൽ നിന്നുള്ള നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലിരിക്കുകയായിരുന്ന മകൻ അഭിഷേക് രാജും മകൾ ആരഭിയും ഓടിയെത്തുമ്പോൾ രാജൻ കൈയിൽ കരുതിയ മൂർച്ചയേറിയ കത്തി കൊണ്ട് ശശികലയുടെ അടിവയറ്റിലും മുതുകിലും കുത്തുന്നതാണ് കാണുന്നത്. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശശികല മരിച്ചത്.

സംഭവത്തിന് ശേഷം ഒളിവിൽപ്പോയ രാജനെ അന്നേദിവസം രാത്രി 12ഓടെ ചിറയിൻകീഴ് പൊലീസ് പിടികൂടിയിരുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2018 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. മക്കളായ അഭിഷേകും ആരഭിയുമായിരുന്നു കേസിലെ നിർണായക സാക്ഷികൾ. ഇരുവരും പിതാവിനെതിരെ കോടതിയിൽ മൊഴി നൽകി. ഇരുവർക്കും ലീഗൽ സർവീസ് അതോരിട്ടി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി.