
തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് നടത്തുന്ന കടലിലും കരയിലുമുള്ള സമരത്തിൽ മുല്ലൂരിൽ റോഡ് ഉപരോധം ഉണ്ടാകില്ല. ലത്തീൻ അതിരൂപത റോഡ് ഉപരോധിച്ചാൽ ജനകീയ കൂട്ടായ്‌മയും റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് സംഘർഷത്തിന് വഴിയൊരുക്കുമെന്ന് കണ്ടാണ് മുല്ലൂരിലെ റോഡ് ഉപരോധം ഉപേക്ഷിച്ചത്. എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ ഉൾപ്പെടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ രാത്രിയോടെ വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരുവശത്തും സമരം നടക്കുന്നതിനാൽ വൻ പൊലീസ് സന്നാഹം സുരക്ഷയ്ക്കുണ്ടാകും.
വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന സമ്മേളനം കെ.പി.എം.എസ് മുൻ സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി വെള്ളാർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മുല്ലൂർ മോഹനചന്ദ്രൻ നായർ,വെങ്ങാനൂർ ഗോപകുമാർ,ഓമന,ഡാനിയൽ,വിവേകാനന്ദൻ, അജിത്,ലേഖ,ജഗദീശ്വരി,ശൈല നന്ദിനി എന്നിവർ സംസാരിച്ചു. രാവിലെ നടന്ന സത്യഗ്രഹം മുല്ലൂർ ദേവസ്വം ട്രസ്റ്റ് ചെയർമാൻ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്‌തു.
30ന് ബി.ജെ.പിയുടെ
പ്രതിഷേധ ധർണ
തുറമുഖ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുല്ലൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ ധർണ ബി.ജെ.പി സംസ്ഥാന സമിതി അംഗം എം.ആർ. ഗോപൻ ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പിയുടെ നേതൃത്വത്തിൽ 30ന് സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏരിയാ പ്രസിഡന്റ് ശ്രീജൂലാൽ അദ്ധ്യക്ഷനായ യോഗത്തിൽ വയൽക്കര മധു,വിശാഖ്,സതീഷ്,രാജേന്ദ്രൻ,അനിക്കുട്ടൻ എന്നിവർ സംസാരിച്ചു.