പോത്തൻകോട്: കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ബംഗാൾ സ്വദേശി ഗോവിന്ദിനെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരുടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് മഠത്തിൽമേലെ വാടകയ്ക്ക് താമസിക്കുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദ്. പതിനൊന്ന് പേരാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഇവരിൽ ഒരാളുടെ മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും, ഗോവിന്ദാണ് മൊബൈൽ ഫോൺ മോഷ്ടിച്ചതെന്ന് ആരോപിച്ച് മറ്റുള്ളവർ ഇയാളെ മർദ്ദിച്ചു. ഇന്നലെ രാത്രിയും വാക്കുതർക്കമുണ്ടായി. പിറ്റേന്ന് രാവിലെ തൂങ്ങിയ നിലയിലാണ് ഗോവിന്ദിനെ കണ്ടത്. കണ്ടപ്പോൾത്തന്നെ തുണി അറുത്ത് താഴെ ഇട്ടെങ്കിലും ഗോവിന്ദ് മരിച്ചെന്നാണ് കസ്റ്റഡിയിലുള്ളവർ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട് ഗോവിന്ദിന്റെ ജ്യേഷ്ഠനും സഹവാസികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതുകണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

നാട്ടുകാർ സംഭവം അറിഞ്ഞെന്ന് മനസിലാക്കിയ ഗോവിന്ദിന്റെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചു. സംശയം തോന്നിയ നാട്ടുകാർ രക്ഷപ്പെടാൻ ശ്രമിച്ചവരെ തടഞ്ഞുവച്ച് പോത്തൻകോട് പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ ഇതിനിടെ ഒരാൾ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി റെയിൽവേ സ്റ്റേഷനുകളിലും മറ്റും പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ, നെടുമങ്ങാട് ഡി.വൈ.എസ്.പി എന്നിവർ സ്ഥലം സന്ദർശിച്ചു.