
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മന്ത്രിപദവിയിൽ തുടരാനുള്ള തന്റെ പ്രീതി പിൻവലിച്ചെന്ന ഗവർണറുടെ കത്ത് മുഖ്യമന്ത്രി കൈയോടെ തള്ളിയെങ്കിലും, ഭരണഘടന അനുശാസിക്കുന്ന നടപടി തേടി ഗവർണർ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകിയേക്കും. ബാലഗോപാലിനെ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെടും. ധനവകുപ്പിറക്കുന്ന ഉത്തരവുകൾ തടയുന്നതടക്കമുള്ള തീവ്രനടപടികളുമെടുത്തേക്കാം. നവംബർ നാലിന് ഗവർണർ മടങ്ങിയെത്തിയശേഷം ഗൗരവതരമായ തുടർ നടപടികളുണ്ടാവുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
മന്ത്രിയിലുള്ള പ്രീതി പിൻവലിച്ചതായി മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ചൂണ്ടിക്കാട്ടി ആർക്കും കോടതിയെ സമീപിക്കാം. ഗവർണറുടെ പ്രീതി നഷ്ടമായ മന്ത്രിയെ അയോഗ്യനാക്കണമെന്ന ക്വോ-വാറണ്ടോ ഹർജിയും നൽകാം. പ്രീതി പിൻവലിച്ച ഗവർണർക്കെതിരേ സർക്കാരിന് കേസിനു പോകാനാവില്ല. മന്ത്രി രാജ്യദ്രോഹപരമായി പ്രസംഗിച്ചെന്നാണ് ഗവർണറുടെ കത്തിലുള്ളത്. രാജ്യദ്രോഹക്കുറ്റം (124-എ) വകുപ്പ് ചുമത്തി കേസെടുക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചിരിക്കുകയാണ്. എന്നാൽ, സത്യപ്രതിജ്ഞാ ലംഘനം, രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ പ്രസംഗിക്കൽ തുടങ്ങിയ ഗവർണറുടെ കുറ്റാരോപണങ്ങൾ ഗൗരവമുള്ളവയാണ്.
പഞ്ചാബ് മോഡലിന്
സമാനമെന്ന്
1985ൽ മന്ത്രിയായിരുന്ന ആർ. ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തിന് സമാനമാണ് ബാലഗോപാലിന്റെ പ്രസംഗമെന്ന് രാജ്ഭവൻ പറയുന്നു. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണമെന്നും അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണമെന്നുമായിരുന്നു പാലക്കാട് കോച്ച് ഫാക്ടറി അനുവദിക്കാത്ത പശ്ചാത്തലത്തിൽ പിള്ളയുടെ പ്രസംഗം. സത്യപ്രതിജ്ഞാലംഘനം, രാജ്യവിരുദ്ധം എന്നിവ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസായി. പിന്നാലെ പിള്ളയെ മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ നീക്കി.
അപ്രീതിക്ക്
പിന്നിൽ
#'രാജ്യദ്രോഹ" പ്രസംഗം ചൂണ്ടിക്കാട്ടി ഭരണഘടനാപരമായ നടപടിക്കാണ് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രീതി പിൻവലിക്കാൻ ഇത് മതിയായ കാരണം.
#പ്രീതി തത്വം ഗവർണർക്കും ബാധകമാണ്. 5 വർഷത്തേക്കാണ് നിയമനമെങ്കിലും രാഷ്ട്രപതിയുടെ പ്രീതിയുള്ളിടത്തോളമേ പദവിയിൽ തുടരാനാവൂ.
മറുവാദങ്ങൾ
#മന്ത്രിമാരോടുള്ള ഗവർണറുടെ പ്രതീ വ്യക്തിപരമല്ല. മന്ത്രിമാർ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റുന്നുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
#മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സ്വന്തം താത്പര്യമല്ല, മന്ത്രിസഭയുടെ ശുപാർശയാണ് ഗവർണർ നടപ്പാക്കേണ്ടതെന്നും സുപ്രീംകോടതി ഉത്തരവുണ്ട്.