തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നവംബർ ഒന്നിന് തുടക്കമിടുന്ന ഡിജിറ്റൽ റീസർവെയുടെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തീയറ്ററിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശാസ്ത്രീയമായ രീതിയിൽ ഡിജിറ്റലായി സർവെ ചെയ്ത് കൃത്യമായ റിക്കാർഡുകൾ തയാറാക്കുന്നതോടൊപ്പം 1550 വില്ലേജുകളുടെ റീസർവെ 4 വർഷത്തിനകം പൂർത്തിയാക്കും. 858.42 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്നും അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും പൊതു ജനങ്ങളിലേക്കെത്തിക്കുന്നതിന് എന്റെ ഭൂമി എന്ന ഓൺലൈൻ പോർട്ടൽ സർവെയും ഭൂരേഖയും വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. സർവെ, റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ ഏകജാലക ഓൺലൈൻ സംവിധാനത്തിലൂടെ ജനങ്ങളിലേക്കെത്തിക്കാൻ കഴിയും എന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.