kunnapally

തിരുവനന്തപുരം: വ്യാജ തെളിവുകൾ ഹാജരാക്കിയാണ് എൽദോസ് കുന്നപ്പിള്ളി ജാമ്യം നേടിയതെന്നും തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി അദ്ദേഹമായിരിക്കുമെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. തനിക്ക് നേരെ ഇപ്പോഴും എം.എൽ.എയുടെ ഭീഷണി തുടരുകയാണെന്ന പരാതി പൊലീസിന് നൽകിയിട്ടുണ്ട്. കേസുകളിൽ നിന്ന് പിൻമാറണമെന്നും പൊലീസിൽ മൊഴി നൽകരുതെന്നുമാണ് ആവശ്യപ്പെടുന്നത്. കോൺഗ്രസ് പ്രവർത്തക ഇപ്പോഴും ഭീഷണി സന്ദേശം അയക്കുന്നതായി സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നൽകും. എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. തന്നെ ഏറ്റവും വലിയ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് എം.എൽ.എ നടത്തുന്നത്. ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്ന നിലയിലുള്ള വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.