tm-jacob

തിരുവനന്തപുരം: ടി.എം ജേക്കബിനെതിരെ മുദ്രാവാക്യംവിളിച്ചാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നതെന്നും പിന്നീട് അദ്ദേഹത്തോട് വലിയ ആദരവായിയെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന ടി.എം.ജേക്കബ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റേറിയൻ എന്ന വാക്ക് ആദ്യമായി കേൾക്കുമ്പോൾ മുതൽ അതിനൊപ്പം കേട്ട പേരായിരുന്നു ടി.എം. ജേക്കബിന്റേത്.

ജേക്കബ് വിദ്യഭ്യാസ മന്ത്രിയാകുമ്പോൾ ഞാൻ പത്താം ക്ലാസിലാണ്. സ്‌കൂൾ ലീഡറും എസ്.എഫ്.ഐനേതാവുമാണ്. അക്കാലത്താണ് പ്രീഡിഗ്രി ബോർഡ് സമരം ആർത്തിരമ്പുന്നത്. അങ്ങനെ സമരങ്ങളിൽ അദ്ദേഹത്തിന്റെ പേരും വയലാർ രവിയുടെ പേരും ഉറക്കെ വിളിച്ചു.

പിന്നീട് വയലാർ രവിയോടൊപ്പം പാർ‌ലമെന്റിൽ പ്രവർത്തിച്ചപ്പോൾ ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞു. ' എനിക്കെതിരെ മുദ്രാവാക്യം വിളിച്ചവരാരും നന്നാകാതെ പോയിട്ടില്ലെടാ..'' എന്നായിരുന്നു വയലാറിന്റെ മറുപടി.

ടി.എം ജേക്കബ് ഒരു പാഠപുസ്തകമാണ്. വിയോജിക്കുന്നവർക്ക് പോലും ആദരവ് തോന്നുന്നവിധത്തിൽ അതിസമർത്ഥമായും ഭംഗിയായും നിയമസഭയിൽ അദ്ദേഹം വിഷയങ്ങൾ അവതരിപ്പിക്കുമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

ടി.എം ജേക്കബ് പുരസ്‌കാരം ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് മന്ത്രി സമ്മാനിച്ചു. മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. അവാർഡ് നിർണ്ണയ സമിതി ചെയർമാൻ സണ്ണിക്കുട്ടി എബ്രഹാം, ടി.എം. ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ്, മക്കളായ അനൂപ് ജേക്കബ് എം.എൽ.എ, അമ്പിളി ജേക്കബ് എന്നിവർ പങ്കെടുത്തു.