
വിഴിഞ്ഞം: മറ്റ് സംസ്ഥാനങ്ങൾ നടപ്പിലാക്കാത്ത പദ്ധതികൾ കേരളം യാഥാർത്ഥ്യമാക്കുന്നതാണ് സർക്കാരിനോട് പലരുടെയും എതിർപ്പിന് കാരണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഭൂരഹിതർക്കായി പൂങ്കുളത്ത് 72കുടുംബങ്ങൾക്ക് നഗരസഭ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ദാക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിഭാഗത്തിലെയും പട്ടികജാതി വിഭാഗത്തിലെയും ആറു പേർക്ക് വീതമാണ് ഇന്നലെ താക്കോൽ കൈമാറിയത്. യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായിരുന്നു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ പി.കെ രാജു, പ്രോജക്ട് ഓഫീസർ ജി.എസ്.അജികുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്.സലിം,എൽ.എസ്. ആതിര, ജിഷ ജോൺ, സിന്ധു വിജയൻ,ഡി. ആർ അനിൽ, വി. പ്രമീള, ജി.എസ്.അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.1.7 ഏക്കറിൽ ആണ് 12 ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതിട്ടുള്ളത്. 9 കോടി പദ്ധതി ചെലവുള്ള ഫ്ലാറ്റ് നിർമ്മാണത്തിൽ 2 കോടി രൂപ ചെലവിട്ട് മൂന്നു നിലകളുള്ള രണ്ട് ഫ്ലാറ്റുകളാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ഓരോ ഫ്ലാറ്റിനും രണ്ട് കിടക്ക മുറികൾ അടുക്കള, ടോയ്ലെറ്റ്, ഹാൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.