തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിച്ച് പി.എസ്.സി യിൽ നടപ്പാക്കിയ പരിഷ്‌കാരങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായ ഡോ. എം.ആർ. ബൈജു ചെയർമാനായി വരുമ്പോൾ തങ്ങൾക്ക് അനുകൂലമായ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികൾ. അഞ്ചുവർഷത്തെ പരിചയം കൈമുതലാക്കിയാണ് ചെയർമാന്റെ കുപ്പായം അണിയുന്നത്.
ഡൽഹിയിലെ നാഷണൽ തെർമൽ പവർ കോർപറേഷനിൽ കമ്യൂണിക്കേഷൻ എൻജിനീയറായായാണ് എം.ആർ. ബൈജു ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം സി.ഇ.ടിയിൽ നിന്നും ബി.ടെക്കും ബാംഗ്ലൂർ ഐ.ഐ.എസ് സി യിൽ നിന്നും എം.ടെക്കും ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നിന്നും എൻജിനീയറിംഗിലും ഡോക്ടറേറ്റും നേടി. തീസിസിന് ഇലക്ട്രോണിക്സ് സയൻസ് ഡിവിഷന്റെ സ്വർണ മെഡൽ ലഭിച്ചു. ഗവേഷണ മേഖലയിലെ സംഭാവനകൾക്ക് ഐ.ഇ.ടി.ഇ യുടെ ബിമൽ ബോസ് അവാർഡും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം എസ്.എം.വി ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായിരുന്ന പരേതനായ എം.സി. മാധവന്റെയും ആനാട് എസ്.എൻ.വി ഹൈസ്‌കൂൾ അദ്ധ്യാപികയായിരുന്ന പരേതയായ പി.ആർ. രാധാമണിയുടേയും മകനായ ബൈജു അമ്പലമുക്ക് ദേവപാലൻ നഗറിൽ ഭാവനയിലാണ് താമസം.