court

തിരുവനന്തപുരം: മന്ത്രിയോടുള്ള ഗവർണറുടെ പ്രീതി പിൻവലിക്കുന്നത് സംബന്ധിച്ച് 2015ൽ ഉത്തർപ്രദേശിലുണ്ടായ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചിന്റെ ഉത്തരവ് അന്നത്തെ ഗവർണർക്ക് തിരിച്ചടിയായിരുന്നു. മന്ത്രി രാജിവച്ചതുമില്ല. യു.പി മന്ത്രിയായിരുന്ന അസംഖാൻ 2015ൽ നിയമസഭയിൽ നഗർനിഗം ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ ഗവർണർക്കെതിരെ മോശം പരാമർശം നടത്തിയതാണ് കേസിന് ആധാരം.

നിയമസഭാ ചർച്ചയുടെ വീഡിയോ വിളിച്ചുവരുത്തിയ ഗവർണർ, തനിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടായെന്ന് കണ്ടെത്തി. മന്ത്രിയോടുള്ള പ്രീതി പിൻവലിക്കുന്നതായി സ്പീക്കർക്ക് കത്തുനൽകി. ഇത് മന്ത്രിക്കെതിരെ ഗവർണർക്ക് അപ്രീതിയുണ്ടെന്നതിന് മതിയായ തെളിവാണെന്ന് ചൂണ്ടിക്കാട്ടി ഒരു വ്യക്തി കോടതിയെ സമീപിച്ചു. ഭരണഘടനയുടെ 164 അനുച്ഛേദ പ്രകാരം മന്ത്രിയെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിയെ അയോഗ്യനാക്കണമെന്ന ക്വോ വാറണ്ടോ ഹർജിയും കോടതിയിലെത്തിയിരുന്നു. എന്നാൽ, സർക്കാരിന് അനുകൂലമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്.

കേരള നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ അനുമതി നൽകാത്തതിന് സമാനമായി, അന്ന് ഉത്തർപ്രദേശ് നിയമസഭ പാസാക്കിയ പല ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ.

യു.പി സർക്കാർ വാദിച്ചത്

നിയമസഭയിൽ അംഗങ്ങൾ നടത്തുന്ന പരാമർശങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകുന്നതല്ല

നടപടിയെടുക്കാൻ സ്പീക്കർക്കാണ് അധികാരം. സഭാരേഖയിൽ നിന്ന് നീക്കിയ പരാമർശം പൊതുസമൂഹത്തിലുണ്ടാവില്ല

മന്ത്രി, പദവിയിൽ തുടരണോയെന്നത് ജുഡീഷ്യറിയല്ല, ഭരണനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ഉത്തരവുകളുണ്ട്.

ഗവർണറുടെ പ്രീതിയുള്ളിടത്തോളം മന്ത്രിക്ക് തുടരാമെന്നാണെങ്കിലും, പ്രീതി പിൻവലിക്കുന്നത് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം സമവായത്തോടെയാകണം

കോടതി ഉത്തരവ്

മന്ത്രിയെ പിൻവലിച്ച് ഗവർണർ വിജ്ഞാപനമിറക്കിയിട്ടില്ല

ഗവർണറുടെ അപ്രീതി അടങ്ങിയ കുറിപ്പ് ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കേണ്ടതില്ല മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്

ഗവർണറും സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് പ്രശ്നം പരിഹരിക്കണം.