
തിരുവനന്തപുരം: കെ.എസ്.ഇ.ബിയും ജല അതോറിട്ടിയും കെ.എസ്.ആർ.ടി.സിയും ഒഴിച്ചുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പള, വേതന ഘടന പരിഷ്കരിക്കുന്നതിന് പൊതുചട്ടക്കൂട് നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദീർഘകാല കരാറില്ലാത്ത ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനാണിത്. റിയാബ് മുൻ ചെയർമാൻ എൻ. ശശിധരൻ നായർ അദ്ധ്യക്ഷനായുള്ള സമിതിയുടെ ശുപാർശയാണ് അംഗീകരിച്ചത്. ഓരോ സ്ഥാപനത്തിന്റെയും പ്രവർത്തനമികവ് അടിസ്ഥാനമാക്കിയാണ് ചട്ടക്കൂട് തയാറാക്കുക. നിലവിൽ ശമ്പള സ്കെയിലുകൾ തമ്മിൽ വലിയ അന്തരമുണ്ട്. ഇത് മറികടക്കാനാണ് പൊതുചട്ടക്കൂട് വരുന്നത്. കെ.എസ്.ഇ.ബി, ജല അതോറിട്ടി, കെ.എസ്.ആർ.ടി.സി എന്നിവയുടെ ശമ്പള, വേതനഘടനാ ഏകീകരണം പഠിച്ച് നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇതേ വിദഗ്ദ്ധസമിതിയെ ചുമതലപ്പെടുത്തി.