തിരുവനന്തപുരം: അതിരാവിലെ മ്യൂസിയത്ത് നടക്കാനിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമം. ഇന്നലെ പുലർച്ചെ 4 ഓടെ മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന് സമീപമായിരുന്നു സംഭവം. കാറിലെത്തിയ ആളാണ് കുറവൻകോണം സ്വദേശിനിയോട് മോശമായി പെരുമാറി ആക്രമിക്കാൻ ശ്രമിച്ചത്.

വനിതാ ഡോക്ടർ ഉച്ചത്തിൽ ബഹളം വച്ചതോടെ പ്രതി പെട്ടെന്ന് കാറിൽ കയറി രക്ഷപ്പെട്ടു.തിരുവനന്തപുരത്ത് ജോലി ആവശ്യങ്ങൾക്കായി താമസിക്കുകയാണ് ഡോക്ടർ. എന്നും പതിവായി നടക്കാനിറങ്ങുന്ന യുവതി ഇന്നലെയും നടക്കാനിറങ്ങിയപ്പോഴാണ് ഒരു കാർ മുന്നിൽ വന്ന് നിറുത്തി അതിലുണ്ടായിരുന്ന ആൾ ആക്രമിക്കാൻ ശ്രമിച്ചത്. ഭയന്ന യുവതി ഓടി സമീപത്തുള്ള മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചു.

ഉടൻ തന്നെ ഒരു സംഘം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു.തുടർന്ന് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കവർച്ച ശ്രമമാണോ അതോ മറ്റെന്തെങ്കിലുമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.സമീപത്തുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. രാവിലെ മ്യൂസിയം സ്റ്റേഷന് തൊട്ടടുത്ത് വച്ച് തന്നെ ഇത്തരത്തിലൊരു സംഭവം പൊലീസ് ഗൗരവമായാണ് അന്വേഷിക്കുന്നത്. ആളെ കണ്ടാൽ അറിയാമെന്ന് വനിതാ ഡോക്ടർ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്.പ്രഭാത സവാരി സമയത്തും പട്രോളിംഗ് ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.