
തിരുവനന്തപുരം: ഹാരിസൺ മലയാളം ഉൾപ്പെടെ വൻകിടക്കാരുടെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കാൻ വിവിധ ജില്ലകളിലെ കോടതികളിലായി 60 കേസുകൾ കൂടി രണ്ടു മാസത്തിനകം ഫയൽ ചെയ്യാൻ മന്ത്രി കെ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനം.
കൈവശ ഭൂമി തിരിച്ചുപിടിക്കുന്നതിന് എട്ടു കേസുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവ ഫയൽ ചെയ്യുന്നത് വേഗത്തിലാക്കാൻ ജില്ലാ കലക്ടർമാർ, ജില്ലാ ലാ ഓഫിസർമാർ, ജില്ലാ ഗവ. പ്ലീഡർമാർ, സ്‌പെഷൽ ഗവ. പ്ലീഡർമാർ, ഹൈക്കോടതിയിലെ സ്‌പെഷൽ ഗവ. പ്ലീഡർ, കോട്ടയത്ത് ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്ന സ്‌പെഷൽ ഗവ. പ്ലീഡർ എന്നിവരുടെ സംയുക്തയോഗം വിളിക്കും. നടപടികളുടെ പുരോഗതി വിലയിരുത്താൻ രണ്ടു മാസത്തിനുശേഷം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.
വിദേശികളുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയുടെ ഉടമസ്ഥൻ സ്വാതന്ത്ര്യാനന്തരം സർക്കാരായതിനാൽ പ്ലന്റേഷൻ ഭൂമി ഉൾപ്പെടെ ഏറ്റെടുക്കാമെന്ന് രാജമാണിക്യം കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഉടമസ്ഥാവകാശം നിർണയിക്കാൻ ഉദ്യോഗസ്ഥന് അധികാരമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കമ്മിഷന്റെ ഉത്തരവുകൾ റദ്ദാക്കി. സിവിൽ കോടതികളാണ് ഇക്കാര്യം തീർപ്പക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കേസ് ഫയൽ ചെയ്യാൻ 2019 മുതൽ സർക്കാർ നടപടികൾ ആരംഭിച്ചത്. ഇങ്ങനെ തിരിച്ചുപിടിക്കുന്ന ഭൂമി ഭൂരഹിതർക്കു വിതരണം ചെയ്യും.
സംസ്ഥാനത്ത് സെറ്രിൽമെന്റ് ആക്റ്റ് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുള്ള പ്രാരംഭ നടപടികൾ സംബന്ധിച്ചും മന്ത്രി വിശദീകരിച്ചു.