
തിരുവനന്തപുരം: നവംബർ 15ന് എൽ.ഡി.എഫ് പ്രഖ്യാപിച്ച ഒരുലക്ഷം പേരുടെ രാജ്ഭവൻ മാർച്ചിനെ നേരിടാൻ സി.ആർ.പി.എഫിനെ വിന്യസിക്കുന്നത് ഗവർണറുടെ പരിഗണനയിൽ. രാജ്ഭവന് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. അക്രമസംഭവങ്ങളുണ്ടായേക്കാമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. ഇതേക്കുറിച്ച് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ആശയവിനിമയം നടത്തിയതായി സൂചനയുണ്ട്.
നേരത്തെ രാജ്ഭവന് സുരക്ഷയൊരുക്കിയിരുന്നത് സി.ആർ.പി.എഫ് ആയിരുന്നു. പിന്നീട് സുരക്ഷാ ചുമതല കേരള പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സംസ്ഥാന പൊലീസിന്റെ സുരക്ഷ പിൻവലിച്ച് കേന്ദ്രസേനയെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ കത്തു നൽകിയാൽ മതി.
ഒരു ലക്ഷം പേർ പങ്കെടുക്കുന്ന സമരത്തിൽ സംഘർഷത്തിനിടയുണ്ടെന്നും സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കാമെന്നും ഡൽഹിയിലേക്ക് തിരിക്കും മുൻപ് രാജ്ഭവൻ ഉദ്യോഗസ്ഥരോട് ഗവർണർ പറഞ്ഞിരുന്നു. നിലവിലെ ഷെഡ്യൂൾ പ്രകാരം 15ന് ഗവർണർ രാജ്ഭവനിലുണ്ടാവും.