1

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഉപരിപഠനം വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി. പാപ്പനംകോട് സത്യൻ നഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ റോജറിനെയാണ് (40) പേരൂർക്കട പൊലീസ് അറസ്റ്റുചെയ്‌തത്. ആൽഫാ മേരി എഡ്യൂക്കേഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്ക് അഡ്മിഷൻ വാഗ്ദാനം ചെയ്‌താണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

വൻ തുകകൾ അഡ്വാൻസായി വാങ്ങിയ ശേഷം അഡ്മിഷൻ ശരിയാക്കാതിരിക്കുകയും പണം തിരികെ നൽകാതായതിനെയും തുടർന്ന് ലഭിച്ച പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന ഹരിയാനയിലെ ഗുർഗാവിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്തുടനീളം 20ഓളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

ഇപ്പോൾ തട്ടിപ്പ് നടത്താനുപയോഗിച്ച സ്ഥാപനത്തിന് പുറമെ പുതിയ തട്ടിപ്പിനായി വേറെ പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് അതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ സംഘാംഗങ്ങൾക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കി. പേരൂർക്കട എസ്.എച്ച്.ഒ ആസാദ് അബ്ദുൾ കലാം, എസ്.ഐമാരായ രാകേഷ്, അനീസ, എ.എസ്.ഐ രാം കുമാർ, എസ്.സി.പി.ഒ ഷംനാദ്, നൗഫൽ, മനോജ്, ശ്രീജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.