തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിയിൽ ദൃശ്യങ്ങൾ പകർത്താൻ 125 സി.ഡികൾ വേണമെന്ന് ഫോറൻസിക് ലാബ് അധികൃതർ ആവശ്യപ്പെട്ടെന്നും സി.ഡി വാങ്ങാൻ ശ്രമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുളളതിനാൽ വിചാരണ നീട്ടി വയ്ക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. സർക്കാർ ആവശ്യം അംഗീകരിച്ച ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേ​റ്റ് ആർ.രേഖ കേസ് വിചാരണ നവംബർ 30ലേയ്ക്ക് മാ​റ്റി. പ്രതികളെ കു​റ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷം ഉടൻ വിചാരണ ആരംഭിക്കേണ്ടിയിരുന്ന കേസാണ് സാങ്കേതികത്വത്തിന്റെ പേരിൽ മാ​റ്റിവച്ചത്.

സംഭവ ദിവസത്തെ സി.സി.ടിവി ദൃശ്യങ്ങളുടെ പകർപ്പ് കു​റ്റപത്രത്തോടൊപ്പം നൽകിയില്ലെന്ന് പ്രതിഭാഗം നേരത്തേ പരാതിപ്പെട്ടിരുന്നു. സി.ഡി തൊണ്ടി മുതലായി ഹാജരാക്കാതെ രേഖയായാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ ഹാജരാക്കിയിരുന്നത്. രേഖകളുടെ പകർപ്പിന് പ്രതികൾക്ക് അവകാശമുണ്ട്. തൊണ്ടി മുതലിന്റെ പകർപ്പ് പ്രതികൾക്ക് നൽകേണ്ടതില്ല. ഈ പഴുത് ഉപയോഗിച്ചാണ് പ്രതികൾ സി. ഡി ആവശ്യപ്പെട്ടത്. പ്രതികളുടെ വിടുതൽ ഹർജി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേ​റ്റ് കോടതി തളളിയതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.