
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച 80ാം ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിച്ചതിനെതിരെ ലോകായുക്തയിൽ നൽകിയിരുന്ന ഹർജി പരാതിക്കാരൻ പിൻവലിച്ചു. ഓൺലൈൻ മാദ്ധ്യമ പ്രവർത്തകനായ കൊല്ലം സ്വദേശി വി.എസ്.സുരേഷ് കുമാറാണ് ഹർജി ഫയൽ ചെയ്ത് ഒരാഴ്ചക്കകം പിൻവലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം 13 പേരായിരുന്നു കേസിലെ എതിർ കക്ഷികൾ. ഹർജി പിൻവലിയ്ക്കാനുള്ള തീരുമാനം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് പുറമെ ചീഫ് സെക്രട്ടറി വി.പി.ജോയ്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര സെക്രട്ടറി വി.വേണു, മുൻ ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, ഡി.ജി.പി അനിൽ കാന്ത്, മുൻ ഡി.ജി.പി ലോക്നാഥ് ബഹ്റ, കണ്ണൂർ പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, മുൻ പൊലീസ് കമ്മിഷണർ പ്രതീഷ് കുമാർ, കണ്ണൂർ ടൗൺ സി.ഐ ശ്രീജിത് കോടിയേരി, കണ്ണൂർ സർവകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് മറ്റ് എതിർ കക്ഷികൾ.