mbbs

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്‌, ബി.ഡി.എസ്‌ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ്‌ പ്രസിദ്ധീകരിച്ചു. സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന്‌ മെറിറ്റിൽ 696 വരെയുള്ള റാങ്കുകാർ ഇടം നേടിയിട്ടുണ്ട്‌. സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സംസ്ഥാന മെറിറ്റിൽ എം.ബി.ബി.എസിന്‌ 6361 റാങ്കുകാർ വരെ ഇടം നേടി. ബി.ഡി.എസിൽ സർക്കാർ ദന്തൽ കോളേജുകളിൽ മെറിറ്റിൽ 3303 റാങ്ക്‌ വരെയുള്ളവരും സ്വാശ്രയത്തിൽ 15626 റാങ്ക്‌ വരെയുള്ളവർക്കും പ്രവേശനം നേടി. www.cee.kerala.gov.in ലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.

ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്മെന്റ് ലഭിച്ച കോളേജ്, അലോട്ട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുളളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ അടയ്ക്കണ്ടതുമായ ഫീസ് ഇന്ന് മുതൽ നവംബർ നാല്‌ വരെ ഓൺലൈൻ വഴിയോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടച്ച ശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ 28 മുതൽ നവംബർ നാലിന്‌ വൈകിട്ട് നാലു വരെ പ്രവേശനം നേടാം.