
നെയ്യാറ്റിൻകര: മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും അമ്മയെയും ആക്രമിക്കുകയും സ്‌കൂട്ടറും ഫിഷ് ടാങ്കടക്കം നശിപ്പിക്കുകയും ചെയ്തവരെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. തലയൽ ആറാലുംമൂട് ആര്യശാല പുത്തൻവീട്ടിൽ രാസ എന്ന രാജൻ (31), വിഷ്ണു (28), ആറാലുംമൂട് കോരത്തലവിളവീട്ടിൽ ഗിരീഷ് ലാൽ (39) എന്നിവരെയാണ് ആറാലുംമൂട് കൊക്കിടി ലെയ്നിൽ മണ്ണറമേലേവീട്ടിൽ പ്രദീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി അയാളെയും അമ്മയെയും ഉപദ്റവിക്കുകയും വീട്ടിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും മറ്റും അടിച്ച് തകർക്കുകയും ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്. പ്രദീപുമായി പ്രതികൾക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണം. നെയ്യാറ്റിൻകര പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ആർ.സജീവ്, എസ്.സി.പി.ഒമാരായ ബിനോയ് ജസ്റ്റിൻ, പ്രശാന്ത്, പ്രവീൺ, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.