d

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മലപ്പുറം സ്വദേശി ഹെലൻ കുമാറിനേയും (53) കരൾ പകുത്ത് നൽകിയ സഹോദരി ഭർത്താവ് ജോണിനേയും (43) മന്ത്രി വീണാജോർജ്ജ് സന്ദർശിച്ചു.

ഒക്‌ടോബർ ആറിനാണ് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഹെലൻ കുമാറിന് നാഷ് എന്ന അസുഖം മുഖാന്തരം കരളിൽ സിറോസിസും കാൻസറും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ട്രാൻസ്‌പ്ലാന്റ് ഐ.സി.യുവിൽ നിരീക്ഷണത്തിലായിരുന്നു. 20 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആരോഗ്യനില തൃപ്തികരമായതിനാൽ ഹെലൻ കുമാറിനേയും ജോണിനേയും ഡിസ്ചാർജ് ചെയ്തു.

ഓരോ ഘട്ടത്തിലും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നടത്തിയ സേവനങ്ങളെ മന്ത്രി പ്രശംസിച്ചു.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു, പ്രിൻസിപ്പൽ ഡോ.കലാകേശവൻ, ആശുപത്രി സൂപ്രണ്ട് ഡോ.നിസാറുദീൻ, നഴ്സിംഗ് ഓഫീസർ സബിത, നഴ്സിംഗ് സൂപ്രണ്ട് അനിത, ഓഫീസ് ജീവനക്കാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രി, എറണാകുളം അമൃത ആശുപത്രി എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.