
തിരുവനന്തപുരം: പൗഡിക്കോണം മുക്കിക്കടയിൽ തനിക്കെതിരെ കരിങ്കൊടി കാണിച്ചവരെ അറസ്റ്റുചെയ്യേണ്ടെന്ന് പൊലീസിനോട് നിർദ്ദേശിച്ച് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. കാറിൽ പോകുമ്പോഴാണ് ഇന്നലെ രാത്രി ഒമ്പതോടെ മൂന്ന് ബി.ജെ.പി പ്രവർത്തകർ കരിങ്കൊടിയുമായെത്തിയത്. ഉടനെ എം.എൽ.എ കാർ നിറുത്തി പുറത്തിറങ്ങി അവരോട് സംസാരിച്ചു. താൻ ജനങ്ങളുടെ ഇടയിൽ നിന്നും വളർന്നുവന്ന ആളാണെന്നും നിങ്ങളുടെ പ്രതിഷേധത്തിൽ തളരില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഈ ജംഗ്ഷനിലിരിക്കും, തനിക്ക് ജനങ്ങളോടാണ് പറയാനുള്ളത്. പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെ.തന്റെ സുരക്ഷയ്ക്ക് പൊലീസിന്റെ സഹായം ആവശ്യമില്ലന്നെും അപവാദ പ്രചാരണങ്ങൾക്കുള്ള മറുപടി താൻ നൽകിയിട്ടുണ്ടെന്നും പറഞ്ഞശേഷം എം.എൽ.എ മടങ്ങി. സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ എം.എൽ.എൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടത്തി.