steephan

വിതുര: വാമനപുരം നദിയിലെ കല്ലാറിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുകയും നിരവധിപേരുടെ ജീവനുകൾ നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് അഡ്വ: ജി. സ്റ്റീഫൻ എം.എൽ.എയുടെ നേതൃത്വത്തിൽ കല്ലാർ ഡി.ടി.പി.സി ഹാളിൽ വിവിധ സർക്കാർ വകുപ്പ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് സർവകക്ഷി യോഗം ചേർന്നു.ദുരന്തങ്ങൾ ആവർത്തിക്കാതെയും വിനോദസഞ്ചാരികൾക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാകാതെയുമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ യോഗത്തിൽ പറഞ്ഞു. കല്ലാറിനെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും അതിന്‌ സർക്കാരും ടൂറിസം ഡിപ്പാർട്ടുമെന്റുമായും ബന്ധപ്പെട്ട്‌ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സുരക്ഷിത ടൂറിസം' എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോവുക എന്നതാണ്‌ യോഗത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട്‌ ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ലാ കളക്‌ടറുടെ സാന്നിദ്ധ്യത്തിൽ രണ്ടാഴ്ചയ്ക്കകം ടൂറിസം, റവന്യൂ, വനം എന്നീ ഡിപ്പാർട്ടുമെന്റുകളുടെ സംയുക്ത യോഗം വിളിക്കും.അതോടൊപ്പം കല്ലാർ കേന്ദ്രീകരിച്ച്‌ വിതുര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷനായും, നെടുമങ്ങാട്‌ ആർ.ഡി.ഒ കൺവീനറായും ഒരു സ്ഥിരം മോണിറ്ററിംഗ് സമിതി രൂപീകരിക്കും. ജനപ്രതിനിധികൾ, വിവിധ ഡിപ്പാർട്ട്‌മന്റ്‌ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികൾ എന്നിവർ ഇതിൽ അംഗങ്ങളായിരിക്കും.വിതുര പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ:വി.എസ്.ബാബുരാജ്‌ അദ്ധ്യക്ഷനായ യോഗത്തിൽ വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഇന്ദുലേഖ, പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ മഞ്ജുഷ ആനന്ദ്‌, ബ്ലോക്ക് പഞ്ചായത്തംഗം അംഗം ശ്രീലത മറ്റ്‌ ജനപ്രതിനിധികൾ, ഡെപ്യൂട്ടി കളക്ടർ (ഡിസാസ്റ്റർ മാനേജ്‌മന്റ്‌ ) വിനീത്‌, ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടികൾ, പ്രദേശത്തെ സാമൂഹ്യ സംഘടനകൾ, വനം സംരക്ഷണ സമിതി, ഫ്രാറ്റ്, റസിഡന്റ്സ്‌ അസോസോസിയേഷൻ വ്യാപാരി വ്യവസായി സംഘടനകൾ എന്നിവരുടെ പ്രതിനിധികൾ, ആദിവാസി ഊരുമൂപ്പന്മാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.