inauguration

ചിറയിൻകീഴ്: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം നൂറാം ദിവസത്തിലേക്ക് കടന്ന ഇന്നലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പെരുമാതുറ മുതലപ്പൊഴിയിൽ തീരത്തും കടലിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി മുതലപ്പൊഴി പാലം സമരക്കാർ ഉപരോധിച്ചതോടെ തീരദേശപാത വഴിയുള്ള ഗതാഗതം പൂർണമായും സ്‌തംഭിച്ചു.

മുതലപ്പൊഴിയിലെത്തേണ്ട കെ.എസ്.ആർ.ടി.സി ബസുകൾ പെരുമാതുറ വരെയാണ് സർവീസ് നടത്തിയത്. സമരം തുടങ്ങുന്നതിന് മുമ്പുതന്നെ പെരുമാതുറ ജംഗ്ഷനിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചിറയിൻകീഴ് വഴിയും കടത്തിവിട്ടു. വർക്കല, ആറ്റിങ്ങൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറുകണക്കിന് പൊലീസുകാർ പ്രദേശത്ത് ക്യാമ്പ് ചെയ്‌തിരുന്നു. തുറമുഖ നിർമ്മാണത്തിനുള്ള ചരക്കുനീക്കം ഏതുവിധേനയും തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമരം നടന്നതെന്നാണ് തുറമുഖ അനുകൂലികളുടെ വാദം.

അഞ്ചുതെങ്ങ്, പുതുക്കുറിച്ചി ഫെറോനകളുടെ നേതൃത്വത്തിലാണ് മുതലപ്പൊഴിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പുതുക്കുറിച്ചി ഫെറോന ഇടവകയ്ക്ക് കീഴിലെ സമരക്കാർ പെരുമാതുറ ഭാഗത്തുനിന്നും അഞ്ചുതെങ്ങ് ഫെറോനയുടെ കീഴിലുള്ള സമരക്കാർ താഴംപള്ളി ഭാഗത്തുള്ള സെന്റ് ആന്റണി കുരിശടി ഭാഗത്തുനിന്നും പ്രകടനമായി മുതലപ്പൊഴി പാലത്തിലെത്തി. മത്സ്യബന്ധന വള്ളങ്ങൾ കടലിൽ കെട്ടിയിട്ടും പ്രതിഷേധം നടന്നു. പ്രതിഷേധസമരം ചലച്ചിത്രതാരം അലൻസിയറാണ് ഉദ്ഘാടനം ചെയ്‌തത്. അഞ്ചുതെങ്ങ് ഫെറോന വികാരി ഫാ.ജസ്റ്റിൻ ജൂഡിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാ.ജെയിംസ് ഗുലാസ്, ഫാ.ഇ.വിൽഫ്രഡ്‌, ഫാ.മൈക്കിൾ തോമസ്, ഫാ.ജെറോം ഫെർണാണ്ടസ്, ഫാ.ലൂസിയാൻ തോമസ്, ഫാ. റോബിൻസൺ, അലവി,ജൂഡ് ജോർജ്, സീറ്റാ ദാസൻ, ഷെറിൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.