
വിഴിഞ്ഞം: തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാം ദിവസം മാദ്ധ്യമപ്രവർത്തകരെയും പൊലീസുകാരെയും കൈയേറ്റം ചെയ്‌ത് വിഴിഞ്ഞം സമരസമിതി പ്രവർത്തകർ. മുല്ലൂരിൽ തുറമുഖത്തിന്റെ പ്രധാന കവാടത്തിന്റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറിയതോടെയാണ് രംഗം വഷളായത്.
തുറമുഖ നിർമ്മാണം തടയരുതെന്നും പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നുമുള്ള ഹൈക്കോടതി വിധി നിലനിൽക്കെയാണ് പദ്ധതിപ്രദേശത്തേക്ക് സമരക്കാർ പ്രവേശിച്ചത്. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ തുറമുഖ പ്രദേശത്ത് പ്രതിഷേധിച്ചത് ഭീതി വർദ്ധിപ്പിച്ചു. കടലിൽ വള്ളം കത്തിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ രണ്ട് ബാരിക്കേഡുകൾ കടലിലേക്ക് വലിച്ചെറിഞ്ഞു. അഞ്ചുതെങ്ങ്, പുതുക്കുറുച്ചി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് പ്രതിഷേധക്കാർ വള്ളത്തിലാണ് വിഴിഞ്ഞം തീരത്തേക്ക് എത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെ തന്നെ വിഴിഞ്ഞം പദ്ധതി പ്രദേശം സംഘർഷഭരിതമായിരുന്നു.
വിഴിഞ്ഞം സമരക്കാരുടെ ചിത്രങ്ങൾ പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയെന്നാരോപിച്ച് സമരക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ വൈദികരെ ആക്രമിച്ചെന്നാരോപിച്ച് സമരക്കാർ പൊലീസിനെ കൈയേറ്റം ചെയ്‌തു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഫോട്ടോഗ്രാഫറെ സംഘർഷത്തിനിടയിൽ നിന്ന് പുറത്തെത്തിക്കാനായത്. സംഘർഷ ദൃശ്യങ്ങൾ പകർത്തിയ മാദ്ധ്യമപ്രവർത്തകർക്കെതിരെയും വ്യാപക കൈയേറ്റമുണ്ടായി. മീഡിയാവൺ ചാനലിന്റെ കാമറ തകർത്ത സംഘം കൈരളി ന്യൂസ് സംഘത്തെ ഭീഷണിപ്പെടുത്തുകയും ട്വന്റി ഫോർ ചാനൽ ഡ്രൈവറിന് നേരെ കല്ലെറിയുകയും ചെയ്‌തു. ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറ സംഘത്തിനെതിരെയും ആക്രമണമുണ്ടായി. എ.സി.വിയുടെ പ്രാദേശിക റിപ്പോർട്ടർ ഷെരിഫ് എം. ജോർജിനെ വളഞ്ഞിട്ട് മർദ്ദിച്ചശേഷം കാമറയും മൊബൈൽ ഫോണും നശിപ്പിച്ചു. മാദ്ധ്യമപ്രവർത്തകർക്കുനേരെ നടന്ന ആക്രമണത്തിൽ കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു. പൊലീസ് വൈദികരെ ഉപദ്രവിച്ചെന്നും സ്‌ത്രീകളെ അസഭ്യം പറഞ്ഞെന്നുമാണ് സമരസമിതിയുടെ ആരോപണം.