തിരുവനന്തപുരം: കെ.പി.സി.സി അംഗവും മംഗലപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എച്ച്.പി.ഷാജിയുടെ നിര്യാണത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അനുശോചിച്ചു.ജില്ലയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകിയ നേതാവാണ് ഷാജി. പ്രാദേശികതലത്തിൽ ഉൾപ്പെടെ പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും പ്രചരിപ്പിക്കുന്നതിലും സാധാരണ ജനങ്ങളെ കോൺഗ്രസിനൊപ്പം നിറുത്തുന്നതിലും ഷാജി വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഷാജിയുടെ വിയോഗം കോൺഗ്രസിന് വലിയ നഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.
സാധാരണ ജനങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ഷാജിയെന്ന് എ.ഐ.സി.സിജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നയനാർ സർക്കാരിന്റെ കാലത്തു എച്ച്.പി.ഷാജി നയിച്ച തുമ്പ പള്ളിത്തുറ മത്സ്യത്തൊഴിലാളി അവകാശസമരം അദ്ദേഹത്തിന്റെ പൊതു ജീവിതത്തിലെ എടുത്തുപറയേണ്ട ഒന്നാണ്.അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് ഉണ്ടാക്കിയത് കനത്ത നഷ്ടമാണ്. ശക്തനായ ഒരു നേതാവിനെയാണ് കോൺഗ്രസിന് നഷ്ടമായതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.