
തിരുവനന്തപുരം: കേരളത്തിൽ ഭൂസ്വാമിമാരും മത, സമുദായ സംഘടനകളും അനധികൃതമായി കൈവശം വച്ച ഭൂമിയെപ്പറ്റി അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയിന്മേൽ സംസ്ഥാന സർക്കാർ സത്വര തുടർനടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ.
പട്ടികജാതി ക്ഷേമസഭ മുമ്പേ ഉന്നയിച്ച പ്രധാന പ്രശ്നമാണിത്. കേരളത്തിൽ മിച്ചഭൂമി വിതരണം ചെയ്യൽ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. തോട്ടത്തിന്റെ പേരിൽ അനധികൃതഭൂമി കൈവശം വച്ചിട്ടുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വച്ചിരിക്കുന്ന അഞ്ചു ലക്ഷത്തോളം ഏക്കർ ഭൂമിയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് മുൻ ഐ.ജി. ശ്രീജിത്ത് സർക്കാരിന് കൊടുത്ത കണക്ക്. മുൻ റവന്യു അഡിഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ നൽകിയ റിപ്പോർട്ടിലും ലാൻഡ് ബോർഡ് സെക്രട്ടറിയായിരുന്ന മേരിക്കുട്ടി പാലക്കാട് കളക്ടറായിരിക്കെ നൽകിയ റിപ്പോർട്ടിലും ഇത്തരം കൈയേറ്റങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നെല്ലിയാമ്പതിയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയം താൻ കൊണ്ടുവന്നതാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത പട്ടികജാതി, പിന്നാക്ക വിഭാഗക്കാരായ ലക്ഷക്കണക്കിന് പാവങ്ങൾ കേരളത്തിലുണ്ട്. ഭൂപരിഷ്കരണ നിയമം പാസാക്കിയ ഒരു സംസ്ഥാനത്ത് ഈ പ്രവണത ഗൗരവമായി കാണണം. ചീഫ്സെക്രട്ടറി തലവനായ കമ്മിറ്റി ഭൂമികൈയേറ്റം പരിശോധിക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിൽ സർക്കാർ നടപടികളെടുക്കണമെന്നും എ.കെ. ബാലൻ പറഞ്ഞു.