തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന്റെ സാദ്ധ്യതകളെ വിനിയോഗിച്ച് തലസ്ഥാനത്തെ ടൂറിസത്തിന് പുതിയ മുഖം നൽകാനൊരുങ്ങുകയാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്. അഡ്വഞ്ചർ ടൂറിസം, ചിൽഡ്രൻസ് പാർക്ക്, സൈക്കിളിംഗ്, കുടുംബമായും കൂട്ടുകാരുമായുമൊക്കെ ആസ്വദിക്കാവുന്ന ടീം ബിൽഡ് അപ്പ് ഗെയിംസ്, ദിവസം മുഴുവനും പാർക്കിൽ ചെലവഴിക്കാനുള്ള പാക്കേജുകൾ തുടങ്ങി അനന്തപുരിയുടെ മറ്റൊരു കേന്ദ്രമാകാൻ ആക്കുളം സജ്ജമാകുകയാണ്. 50 ലക്ഷത്തോളം രൂപയുടെ വികസനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ടൂറിസം ക്ലബ് എന്നിവയുടെ പ്രയത്നത്തിലൂടെയാണ് ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രം തയ്യാറാകുന്നത്. ഇപ്പോൾ നടക്കുന്നത് വികസനത്തിന്റെ ആദ്യഘട്ടമാണെന്നും കൂടുതൽ മികച്ച സംവിധാനങ്ങൾ ഒരുക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി ഷാരോൺ വീട്ടിൽ പറഞ്ഞു. നവംബറോടെ അഡ്വഞ്ചർ ടൂറിസം ആരംഭിക്കും.

പ്രവർത്തന സമയം - രാവിലെ 7.30 മുതൽ വൈകിട്ട് 7.30 വരെ

അഡ്വഞ്ചർ ടൂറിസം

വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിന്റെ (വൈബ്) നേതൃത്വത്തിൽ 'ആഡംസ്' (അഡ്വെഞ്ചർ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റാണ് സപ്പോർട്ട് സർവീസ് ടീം) ടൂറിസ്റ്റ് വില്ലേജിൽ സാഹസികത നിറയ്ക്കുന്നത്. ഉയരത്തിൽ തൂങ്ങി 100 മീറ്ററോളം സഞ്ചരിക്കാവുന്ന സിപ് ലൈൻ, റോപ്പ് സൈക്കിളിംഗ്,ഹൈറോപ്പ് ആക്ടിവിറ്റികളായ എക്സ് വോക്ക്, ട്രീ സർഫിംഗ്, ബാംബൂ ലാഡർ, മങ്കി ക്രോലിംഗ്, മൾട്ടിവൈൻ, എർത്ത് ക്വിക്ക് വോക്ക്, ബർമലൂപ്പ്,ടയർ സർഫിംഗ് തുടങ്ങിയവയും വാട്ടർ ഫൗണ്ടൻ, വാട്ടർ ഫാൾസ് എന്നിവയും ഒരുക്കിട്ടുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്ന് ആഡംസ് ഡയറക്ടർ ആർ.രാജേഷ് പറഞ്ഞു. സഞ്ചാരികൾക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകാൻ സ്ത്രീകളും ഇവിടെയുണ്ട്.

ടീം ബിൽഡ് അപ്പ് ഗെയിംസും പാക്കേജും

ഒരുമിച്ച് ജോലി ചെയ്യുന്നവർക്കും കൂട്ടുകാർക്കും വലിയ കുടുംബങ്ങളായി വരുന്നവർക്കും വേണ്ടിയാണ് ടീം ബിൽഡ് അപ്പ് ഗെയിംസും പാക്കേജുകളും ഇവിടെ ഒരുക്കുന്നത്. ഒരു ദിവസത്തെ ഭക്ഷണം, ഫിഷ് സ്പാ തുടങ്ങിയവയും ഫെയ്സ് ടു ഫെയ്സ് കോയിൻ ഗെയിംസ്, ടാർഗറ്റ് ബാൾസ്, ഫ്രണ്ടഷിപ്പ് വോക്ക് തുടങ്ങി 25 ഓളം ഗെയിസുമാണ് ഒരു ദിവസത്തെ പാക്കേജുകളിൽ ഉൾപ്പെടുന്നത്. സ്വിമ്മിംഗ് പൂൾ, എയർ‌ഫോഴ്സ് മ്യൂസിയം തുടങ്ങിയവ നേരത്തെ മുതൽക്കെ ഇവിടെയുണ്ട്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന ആക്കുളം വില്ലേജിലേക്ക് പൊതുഗതാഗത സംവിധാനമില്ല. ലുലുമാളിലേക്ക് നടത്തുന്ന സർവീസുകൾ ഇതിലെയും കൂടി വന്നാൽ ആളുകൾക്കും ടൂറിസം വില്ലേജിനും ഉപകാരപ്രദമാകുമായിരുന്നു.

രമ, മാനേജർ, ആക്കുളം ടൂറിസം വില്ലേജ്