തിരുവനന്തപുരം: പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാനായില്ല. ബുധനാഴ്ച പുലർച്ചെ നാലോടെയാണ് മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന് മുന്നിൽ വച്ച് കുറവൻകോണം സ്വദേശിനിയോട് കാറിലെത്തിയയാൾ മോശമായി പെരുമാറിയത്.

സമീപത്തുള്ള സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തതയില്ലാത്തതിനാൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് മ്യൂസിയം പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഉൗർജിതമാക്കിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ വൈകുന്നതിൽ വിമർശനം ഉയരുന്നുണ്ട്.