
തിരുവനന്തപുരം: പ്രമുഖ കാൻസർരോഗ വിദഗ്ദ്ധനും തിരുവനന്തപുരം ഓങ്കോളജി ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന ഡോ.എം. കൃഷ്ണൻ നായരുടെ സ്മരണാർത്ഥം തിരുവനന്തപുരം ഓങ്കോളജി ക്ലബ്ബ് ഏർപ്പെടുത്തിയ പ്രഥമ ഡോ. കൃഷ്ണൻ നായർ പുരസ്കാരം മുംബയ് ടാറ്റാ മെമ്മോറിയൽ ആശുപത്രി ഡയറക്ടറും സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയുമായ ഡോ. രാജേന്ദ്ര അച്യുത് ബദ്‌വെയ്ക്ക് സമ്മാനിക്കും.
പ്രൊഫ.ടി.കെ. പത്മനാഭൻ ചെയർമാനും പ്രൊഫ. ബാബു മാത്യു, ഡോ. ചന്ദ്രമോഹൻ, ഡോ.പി.ജി. ജയപ്രകാശ്, ഡോ. ബോബൻ തോമസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. നവംബർ 26ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഓങ്കോളജി ക്ലബ്ബ് സെക്രട്ടറി ഡോ. ബോബൻ തോമസ് അറിയിച്ചു.