
പോത്തൻകോട് : മനോനില തെറ്റിയ ആളെപ്പോലെ എന്തും വിളിച്ചുപറയുന്ന ആളായി ഗവർണർ മാറിയെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ പറഞ്ഞു. കണിയാപുരത്ത് പുന്നപ്ര വയലാർ സാംസ്‌കാരിക സമിതി ഉദ്ഘാടനവും ചികിത്സാ ധനസഹായവിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സംസ്ഥാന മന്ത്രിമാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനത്തോടെ ഗവർണർ സ്വയം അപഹാസ്യനായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. മംഗലപുരം ഏരിയാ സെക്രട്ടറി മധുമുല്ലശേരി, സാംസ്‌കാരിക സമിതി പ്രസിഡന്റ് ബി.രാജേന്ദ്രകുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. ആർ.ഹരിപ്രസാദ്,ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബില സക്കീർ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ, ശ്രീകുമാർ, വിജയകുമാർ, അണ്ടൂക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ, എസ് പ്രശാന്ത്,ബിജു തുടങ്ങിയവർ സംസാരിച്ചു.