ss

( ഇന്ന് ലോക മസ്തിഷ്‌കാഘാത ദിനം )

...................................

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തധമനികൾ പൊട്ടി രക്തസ്രാവമുണ്ടാകുന്നതു മൂലമോ സംഭവിക്കുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ സ്‌ട്രോക്ക് . ലോകത്ത് നടക്കുന്ന മരണങ്ങളിൽ രണ്ടാമത്തെ പ്രധാന കാരണമാണ് സ്‌ട്രോക്ക്. പ്രതിവർഷം ഏകദേശം 56 ലക്ഷം പേർ എന്നതാണ് കണക്ക്. ഇന്ത്യയിൽ ഒരു ലക്ഷത്തിൽ 135 മുതൽ 150 വരെ പേർക്ക് മസ്തിഷ്‌കാഘാതമുണ്ടാകുന്നു എന്നാണ് കണക്കുകൾ. ഇതര രോഗങ്ങളെ അപേക്ഷിച്ച് ജീവിതത്തിൽ രോഗാതുരതയും വൈകല്യങ്ങളും ബാക്കിയാക്കുന്ന രോഗം കൂടിയാണ് സ്‌ട്രോക്ക്. മസ്തിഷ്‌കാഘാത ലക്ഷണങ്ങൾ തിരിച്ചറിയുക, വിലയേറിയ സമയം പാഴാക്കാതിരിക്കുക എന്നതാണ് വേൾഡ് സ്‌ട്രോക്ക് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്ന ഈ വർഷത്തെ മുദ്രാവാക്യം. ഇതോടൊപ്പം ദ്രുതഗതിയിൽ പ്രവർത്തിക്കുക, മസ്തിഷ്‌കാഘാതത്തെ പ്രതിരോധിക്കുക, തുടങ്ങിയ സന്ദേശങ്ങൾ ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നു.

രോഗലക്ഷണങ്ങൾ
ശരീരത്തിന്റെ ഒരുവശം തളർന്നു പോകുക, മുഖം കോടിപ്പോവുക, സംസാരശേഷി നഷ്ടപ്പെടുകയോ, സംസാരം വ്യക്തമാകാതാവുകയോ ചെയ്യുക, കാഴ്ച നഷ്ടപ്പെടുക, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുക എന്നിവയാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങൾ

കാരണങ്ങൾ
85 വയസ്സിനു മുകളിലുള്ള പ്രായം, പുകവലി, അമിത മദ്യപാനം, രക്തത്തിലെ അമിതമായ കൊളസ്‌ട്രോൾ, വ്യായാമമില്ലായ്മ, പാരമ്പര്യ ഘടകങ്ങൾ, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ സ്‌ട്രോക്കിന്റെ കാരണങ്ങളാകാം. രണ്ടു ദശാബ്ദങ്ങൾക്ക് മുൻപ് 65 വയസ്സിനു മുകളിലുള്ളവരിലാണ് സ്‌ട്രോക്ക് അധികവും കണ്ടിരുന്നതെങ്കിൽ ഇപ്പോൾ നാൽപ്പതിനും അറുപതിനും ഇടയ്ക്കുള്ളവരിലും കൂടിവരുന്നു. ഇതിന് പ്രധാന കാരണം ജീവിത ശൈലിയിലുള്ള മാറ്റങ്ങളും വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളുമാണ്.

രോഗനിർണയവും

ചികിത്സയും
രോഗലക്ഷണങ്ങളുടെ ആരംഭത്തിൽത്തന്നെ രോഗിയെ ഏറ്റവും അടുത്ത് സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തിക്കേണ്ടതാണ്. രോഗനിർണയത്തിന് തലയുടെ സി.ടി. സ്‌കാൻ, എം.ആർ.ഐ. എന്നീ പരിശോധനകൾ ആവശ്യമാണ്. ത്രോംബോലൈസിസ് ചികിത്സയിലൂടെ ചെറുതും ഇടത്തരവുമായ രക്തധമനികളിലെ തടസ്സം നീക്കാവുന്നതാണ്. വലിയ ധമനികളിലെ തടസ്സം നീക്കുന്നതിന് കത്തീറ്റർ വഴിയുള്ള മെക്കാനിക്കൽ ത്രോംബൈക്ടമി ഈയടുത്ത കാലത്ത് മസ്തിഷ്‌കാഘാത ചികിത്സയിലെ ഒരു പ്രധാന മുന്നേറ്റമാണ്.

സമഗ്രമായ

സ്‌ട്രോക്ക് പോളിസി
രാജ്യത്തെ എല്ലാ മെഡിക്കൽകോളേജുകളിലും, ജില്ലാ ആശുപത്രികളിലും സമഗ്രമായ സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിക്കണം. പരിശീലനം സിദ്ധിച്ച ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന സ്‌ട്രോക്ക് യൂണിറ്റുകൾ ഇവിടങ്ങളിൽ സജ്ജീകരിക്കണം. എല്ലാ ജില്ലാ ആശുപത്രികളിലും സി.ടി. സ്‌കാൻ സൗകര്യവും ഏർപ്പെടുത്തണം. ടെലിമെഡിസിനിലൂടെ ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജുകളുമായും മറ്റു വിദഗ്ദ്ധരുള്ള ആശുപത്രികളുമായും ബന്ധിപ്പിക്കണം. അടിയന്തര സ്‌ട്രോക്ക് ചികിത്സാ മരുന്നുകൾ, കത്തീറ്റർ, സ്റ്റന്റഡ് എന്നിവയെ വില നിയന്ത്രണപ്പട്ടികയിൽ ഉൾപ്പെടുത്തണം. ജില്ലാതലത്തിൽ മസ്തിഷ്‌കാഘാത രോഗികൾക്കായി പകൽസമയ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാവുന്നതാണ്. ഇവിടെ ഫിസിയാട്രിസ്റ്റ്, സ്‌ട്രോക്ക് നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കാം. മസ്തിഷ്‌കാഘാതം മൂലം വൈകല്യങ്ങളുള്ളവർക്കായി ചലന സഹായ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുക. സാമൂഹ്യസുരക്ഷാ പദ്ധതികൾ നടപ്പാക്കുക എന്നിവ ചെയ്യേണ്ടതുണ്ട്. ജില്ലാതല സ്‌ട്രോക്ക് രോഗീസഹായ കൂട്ടായ്മകൾ രൂപീകരിക്കാവുന്നതാണ്. ലോകത്തെ 60 ശതമാനം മസ്തിഷ്‌കാഘാത രോഗികൾ ഇന്ത്യയിലാണെന്നിരിക്കെ സ്‌ട്രോക്ക് ചികിത്സയ്ക്കായി പ്രത്യേക ആരോഗ്യകർമ്മ പരിപാടി സർക്കാർ ഉടൻ നടപ്പിലാക്കേണ്ടതുണ്ട്.