വൈകിട്ട് വേണ്ടത്ര സർവീസുകളില്ല,യാത്രക്കാർ സമരത്തിലേക്ക്.
വിതുര: വിതുര-നെടുമങ്ങാട് റൂട്ടിൽ യാത്രാദുരിതം വർദ്ധിക്കുന്നു.കൃത്യസമയത്ത് സർവീസുകൾ ഇല്ലാത്തതിനാൽ മാസങ്ങളായി യാത്രക്കാർ നട്ടംതിരിയുകയാണ്.വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ വേണ്ടത്ര സർവീസുകൾ നെടുമങ്ങാട്-തിരുവനന്തപുരം റൂട്ടിലേക്കുണ്ടെങ്കിലും വൈകിട്ട് സ്ഥിതി വ്യത്യസ്തമാണ്.നാല് മണി കഴിഞ്ഞാൽ നെടുമങ്ങാട് നിന്നും വിതുരയിലേക്ക് മണിക്കൂറുകളോളം ബസ് കാത്തുനിന്ന്,കയറണമെങ്കിൽ ഇടിയും തൊഴിയും നടത്തേണ്ട അവസ്ഥയാണ്.
ഡിപ്പോയിൽ നിന്നും നിറയെ യാത്രക്കാരുമായി പുറപ്പെടുന്ന ബസുകൾ വഴിമദ്ധ്യേ നിർത്തി യാത്രക്കാരെ കയറ്റുവാൻ കഴിയാത്ത അവസ്ഥയിലാണ്.യാത്രക്കാർ ഡിപ്പോകളിൽ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമുയരുകയാണ്.നേരത്തേ നെടുമങ്ങാട് ഡിപ്പോയിൽ നിന്നും അനവധി സർവ്വീസുകൾ വിതുരയിലേക്ക് അയച്ചിരുന്നെങ്കിലും ഇപ്പോൾ സർവീസുകൾ വിരളമാണ്.മാത്രമല്ല സമീപത്തെ മറ്റ് ഡിപ്പോകളിൽ നിന്നും വിതുരയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകളും അപ്രത്യക്ഷമായി.
കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തലാക്കിയ സർവീസുകളിൽ ഭൂരിഭാഗവും ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല.വിതുര തൊളിക്കോട് മേഖലയിൽ നിന്നും ധാരാളം പേർ തിരുവനന്തപുരം ഭാഗത്തേക്ക് ജോലിക്കായി പോകുന്നവരും വൈകിട്ട് മടങ്ങിവരുവാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.വിദ്യാർത്ഥികളുടെ അവസ്ഥയും വിഭിന്നമല്ല.എന്നാൽ നെടുമങ്ങാട് നിന്നും പാലോടേക്ക് ധാരാളം സർവീസുകൾ അയയ്ക്കുന്നുണ്ട്.നെടുമങ്ങാട്-വിതുര റൂട്ടിൽ കൂടുതൽ സർവീസുകൾ അയച്ച് യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് വിദ്യാർത്ഥിസംഘടനകളും.
ചെയിൻ സർവീസ് യാഥാർത്ഥ്യമായില്ല
നെടുമങ്ങാട് വിതുര റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മൂന്ന് വർഷം മുൻപ് വിതുര, നെടുമങ്ങാട് ഡിപ്പോകളിൽ നിന്നും ചെയിൻസർവീസ് ആരംഭിച്ചിരുന്നു.ഇത് യാത്രക്കാർക്ക് ഏറെ ഗുണകരമായിരുന്നു.നിറയെ യാത്രക്കാരുമായി മികച്ച കളക്ഷനും നേടിയിരുന്നു.എന്നാൽ മാസങ്ങൾക്ക് ശേഷം ഇത് നിലച്ചതോടെ വീണ്ടും യാത്രാദുരിതം വർദ്ധിച്ചു.നേരത്തെ വിതുര-നെടുമങ്ങാട് റൂട്ടിൽ ധാരാളം ടെമ്പോസർവീസുകളും നടത്തിയിരുന്നു.എന്നാൽ സ്വകാര്യവാഹനങ്ങളുടെ മേൽ കർശനപരിശോധനകൾ ഏർപ്പെടുത്തിയതുമൂലം ഇപ്പോഴതും വിരളമാണ്.ഫലത്തിൽ നാല് ഡിപ്പോകൾ (നെടുമങ്ങാട്,വിതുര,ആര്യനാട്,പാലോട്) അടുത്തടുത്തായി പ്രവർത്തിച്ചിട്ടും നെടുമങ്ങാട് വിതുരറൂട്ടിലെ യാത്രക്കാർ നട്ടംതിരിയുകയാണ്.നെടുമങ്ങാട്-വിതുര റൂട്ടിൽ ചെയിൻസർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.