mullanalloor-valiyakulam

കല്ലമ്പലം: മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതിയിൽ മുന്നിലും കൂടുതൽ വാർഡുകളുമുള്ള നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കുളങ്ങൾ നാശത്തിന്റെ വക്കിൽ. മുല്ലനല്ലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള പുരാതനമായ കുളത്തിന്റെ നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. ചെറുതും വലുതുമായി 200ൽപ്പരം കുളങ്ങളും നീരുറവകളുമാണ് പഞ്ചായത്തിലുള്ളത്. ഇത് മുഴുവൻ സംരക്ഷിക്കപ്പെട്ടാൽ പഞ്ചായത്തിലെ ജല ദൗർലഭ്യത്തിന് പരിഹാരം കാണാൻ കഴിയും ഒപ്പം മറ്റ് പഞ്ചായത്തുകൾക്കും ജലം വിതരണം ചെയ്യാനാകും.

മുല്ലനല്ലൂരിലെ ഉപയോഗയോഗ്യമായിരുന്ന കുളം നശിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാർക്കും കൃഷിക്കും പ്രയോജനകരമല്ലാത്ത നിലയിലാണ് കുളം ഉള്ളത്. 1962 ൽ മുല്ലനല്ലൂർ ക്ഷേത്രത്തിന്റെ ഭാഗമായിരുന്ന സ്ഥലം സമീപത്ത് നെൽകൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന് നൽകുകയായിരുന്നു. കൃഷിക്കാരുടെ ആവശ്യപ്രകാരമാണ് അന്നത്തെ ക്ഷേത്രഭാരവാഹികൾ കുളത്തിന് സ്ഥലം കൈമാറിയത്. തുടർന്ന് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കുളം നിർമ്മിക്കുകയായിരുന്നു.

 അന്ന് കർഷകർക്ക് ആനുഗ്രഹം

നാവായിക്കുളം പഞ്ചായത്തിന്റെ നാലാം വാർഡിനും മടവൂർ പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിനും മദ്ധ്യേയുള്ള കുളം കർഷകർക്ക് അനുഗ്രഹമായിരുന്നു. കുറച്ചുകാലം കൃഷിക്കും മറ്റും ഉപയോഗിക്കുകയും നവീകരിക്കുകയും ചെയ്തിരുന്നു. കാലക്രമേണ കുളം നശിച്ചു തുടങ്ങി. 2016ൽ കുളത്തിന് സമീപത്തെ റോഡ് പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് പാർശ്വഭിത്തി നിർമ്മിക്കുന്നതിനായി കുളത്തിലെ ചെളി മാറ്റിയിരുന്നു. എന്നാൽ പൂർണ്ണമായി വൃത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് കാട് മൂടുകയും കാടും പടർപ്പും വളർന്നിറങ്ങുകയും ചെയ്തു. കൊതുകുകൾ പെരുകാനും തുടങ്ങി. ഇപ്പോൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് നാട്ടുകാർ കുളിക്കാനും നനയ്ക്കാനും ഉപയോഗിക്കുന്നത്.

 പിരഗണനയില്ലാതെ കുളം

വേനലിൽ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. കുളം വൃത്തിയാക്കിയാൽ ഗാർഹികേതര ആവശ്യങ്ങൾക്ക് ഇതിലെ ജലം ഉപയോഗിക്കാൻ കഴിയും. ജലസേചന സംവിധാനം ഉണ്ടെങ്കിൽ പച്ചക്കറി കൃഷിക്കും ഉപയോഗിക്കാം. ഇങ്ങനെ പ്രദേശവാസികൾക്ക് ഗുണകരമാകുന്ന നൂറുകണക്കിന് കുളങ്ങളാണ് പഞ്ചായത്തിന്റെ അവഗണന മൂലം നശിക്കുന്നത്. നാട്ടുകാരും ജന പ്രതിനിധികളും നിരവധിതവണ ആവശ്യപ്പെട്ടിട്ടും കുളത്തിന്റെ കാര്യത്തിൽ അധികൃതർ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.