adoor-prakash

കല്ലമ്പലം: വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് തനിക്കുണ്ടെന്ന് അഡ്വ.അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു. നാവായിക്കുളം ഇ.എസ്.ഐ ആശുപത്രിയുടെ കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശുവണ്ടി തൊഴിലാളികളും തൊഴിലുറപ്പു തൊഴിലാളികളും അസംഘടിത മേഖലയിലെ തൊഴിലാളികളും അടക്കം നൂറു കണക്കിനാളുകൾ പങ്കെടുത്ത ഘോഷയാത്രയുടെ അകമ്പടിയോടെയാണ് എം.പി ഉദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന സമ്മേളനത്തിന് അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ സ്വാഗതവും, അഡ്വ.എം.എം താഹ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ബേബി സുധ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ജെ. ജിഹാദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു, ആസിഫ് കടയിൽ, എൻ. സിയാദ്, നിസ നിസാർ, ജോസ് പ്രകാശ്, സലൂജ, വാർഡംഗം ഷജീന അഡ്വ. റിഹാസ്, നാവായിക്കുളം നടരാജൻ,അഡ്വ സുധീർ, ഗോപാലകൃഷ്ണൻ നായർ,സലിം കുമാർ, മുല്ലനല്ലൂർ ശിവദാസൻ, ബോസ് കുമാർ, സജീർ കല്ലമ്പലം എന്നിവർ സംസാരിച്ചു.

ജനകീയ ഉദ്ഘാടനം നടത്തി ബി.ജെ.പി

കല്ലമ്പലം: കോർപ്പറേഷൻ ബോർഡ് അറിയാതെയും കേന്ദ്ര സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്താതെയും നിർമ്മാണ ഉദ്ഘാടനം നടത്തുവാനുള്ള അടൂർ പ്രകാശ് എം.പിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ചു. ഇ.എസ്.ഐക്ക് സ്വന്തമായുള്ള രണ്ടേക്കർ അധികംവരുന്ന സ്ഥലത്ത് 2012 ൽ ശിലാസ്ഥാപനം നടത്തിയെങ്കിലും പ്രഖ്യാപനത്തിൽ ഒതുങ്ങിയതല്ലാതെ യാതൊരു പ്രവർത്തിയും ചെയ്തിരുന്നില്ലെന്നും ഇ.എസ്.ഐ കോർപ്പറേഷൻ ബോർഡ് മെമ്പർ വി. രാധാകൃഷ്ണന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ശ്രമഫലമായിട്ടാണ് നാവായിക്കുളത്ത് ഇ.എസ്.ഐ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതെന്നും ബി.ജെ.പി അവകാശപ്പെട്ടു. ഇ.എസ്.ഐ കേരള റീജിയണൽ ഡയറക്ടർ ഓഫീസിലോ മറ്റൊരു ഇ.എസ്.ഐ വിഭാഗത്തിലോ കേന്ദ്ര സർക്കാർ പ്രതിനിധികളെയൊ ഉൾപ്പെടുത്താതെയും അനുമതിയില്ലാതെയും എം.പി യുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ദിവസം മുമ്പേ ജനകീയ ഉദ്ഘാടനം നടത്തിയത്. പ്രതിഷേധ പരിപാടി ബി.ജെ.പി.തിരുവനന്തപുരം ജില്ല ട്രഷർ ബാലമുരളി ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ പൈവേലിക്കോണം ബിജു, നാവായിക്കുളം അശോകൻ, ജിഷ്ണു.എസ്.ഗോവിന്ദ്, കുമാർ.ജി, ശശികല, മടവൂർ സന്തോഷ്. മോഹൻ ദാസ് എന്നിവർ നേതൃത്വം നൽകി. കർഷകമോർച്ച ജില്ല പ്രസിഡന്റ് മണമ്പൂർ ദിലീപ് മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി.നാവായിക്കുളം മണ്ഡലം സെക്രട്ടറിമാരായ മുല്ലനല്ലൂർ ശ്രീകുമാർ, രാജീവ്.ഐ.ആർ, ജനറൽ സെക്രട്ടറി അമ്പിളിദാസ്, ബി.ജെ.പി.നേതാക്കളായ മനു വലിയകാവ്, ബാബു പല്ലവി, രാജീവ് ചിറ്റായിക്കോട്, പത്മകുമാർ പൈവേലിക്കോണം, വിജയൻ പിള്ള വെട്ടിയറ, സുദേവൻ, യമുന ബിജു, ദീപ, മോഹനൻ,, ശ്രീകുമാർ അണുക്കാട്ടിൽ, ഷാൻ മഠത്തിൽ, പ്രിയ എന്നിവർ പങ്കെടുത്തു.