k

 പുരാവസ്തു വകുപ്പ് സ്ഥലപരിശോധന ഉടൻ നടത്തും

തിരുവനന്തപുരം: അട്ടക്കുളങ്ങര ഫ്ളൈഓവറിന് പകരം ബദൽ നിർദ്ദേശങ്ങളും പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആദ്യം രൂപീകരിച്ച പദ്ധതിയായ കിഴക്കേകോട്ട - മണക്കാട് ഫ്ളൈഓവർ പരിഗണിക്കണമെന്നാണ് ഒരു നിർദ്ദേശം. നിലവിലുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകാൻ സാധിക്കുന്ന തരത്തിലാകും ഈ ഫ്ളൈഓവർ എന്ന നിർദ്ദേശവുമുണ്ട്. അതുപോലെ പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി അഗ്രഹാരങ്ങൾ പൊളിക്കുന്നതും ഒഴിവാക്കാം.

ഫ്ലൈഓവറിന് പകരം അട്ടക്കുളങ്ങര ജംഗ്ഷനിൽ റിംഗ് റോഡ് പദ്ധതി വരണമെന്നാണ് മറ്റൊരു നിർദ്ദേശം. റിംഗ് റോഡിനു വേണ്ടി ഇത്രയും അധികം സ്ഥലം ഏറ്റെടുക്കേണ്ടി വരില്ലെന്നാണ് നിർദ്ദേശം. റിംഗ് റോഡ് നിർമ്മിക്കുന്നതിനൊപ്പം അട്ടക്കുളങ്ങരയിൽ നിന്ന് ഈഞ്ചയ്ക്കലിലേക്ക് പോകുന്ന റോഡ് വൺവേയാക്കണം, ഈഞ്ചയ്ക്കൽ നിന്ന് വരുന്ന വാഹനങ്ങൾ കോട്ടമതിൽ വഴി വരണമെന്നും നിർദ്ദേശമുണ്ട്. അട്ടക്കുളങ്ങര റോഡിലെ അനധികൃത പാർക്കിംഗ് എന്നിവ പൂർണമായി ഒഴിവാക്കാനുള്ള സംവിധാനമൊരുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അട്ടക്കുളങ്ങര സംരക്ഷണ സമിതി, അഗ്രഹാര സംരക്ഷണ സമിതി, ആക്ഷൻ കൗൺസിൽ എന്നിവർ ഈ നിർദ്ദേശങ്ങളെല്ലാം മന്ത്രിമാരെ കണ്ട് ധരിപ്പിച്ചിട്ടുണ്ട്.

31ന് വൈകിട്ട് നാലിന് മന്ത്രി ആന്റണി രാജുവിന്റെ ചേംബറിൽ നടക്കുന്ന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയാകും. പദ്ധതി ഉപേക്ഷിക്കുന്ന കാര്യത്തിൽ യാതൊരുവിധ ചർച്ചയും മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടന്നിട്ടില്ല.

പുരാവസ്തു വകുപ്പ് സ്ഥല

പരിശോധന ഉടൻ നടത്തും

കോട്ടമതിലിന്റെ സമീപം ഫ്ളൈഓവർ വരുന്നതുകൊണ്ട് പുരാവസ്തു വകുപ്പിന്റെ അനുമതി വേണം. ഇതിനായി പ്ളാനും സ്കെച്ചുമടക്കം പുരാവസ്‌തു വകുപ്പിൽ റോഡ് ആൻഡ് ബ്രിഡ്‌ജസ് സമർപ്പിച്ചിരുന്നു. അപേക്ഷയിൽ പുരാവസ്തു വകുപ്പിന് ഫ്ളൈഓവറിന്റെ കൂടുതൽ വിവരങ്ങൾ കൂടി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പിലെ ഉദ്യോഗസ്ഥർ ഉടൻ സ്ഥല പരിശോധന നടത്തും. ഫ്ളൈഓവറിനുവേണ്ടി പുത്തൻതെരുവിലെ അഗ്രഹാരത്തിലെ 120ഓളം വീടുകളും 172 സ്ഥാപനങ്ങളും പൊളിക്കേണ്ടിവരും. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായാണ് അഗ്രഹാരങ്ങൾ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ അഗ്രഹാരങ്ങൾ പൊളിക്കുന്നതിന് ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിഷന്റെ അനുമതിയും വേണം. ഹെറിറ്റേജ് കമ്മിഷന് അപേക്ഷ ലഭിച്ചാൽ ജില്ലാ ടൗൺ പ്ളാനിംഗ് ഉദ്യോഗസ്ഥരെ റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് നിയോഗിക്കും. ഈ നടപടികളും ഉടൻ തുടങ്ങുമെന്നാണ് സൂചന.

വികസനത്തിന് ആരും എതിരല്ല. പൈതൃകം സംരക്ഷിച്ചാകണം വികസനം. ജനങ്ങൾക്ക് വേണ്ടിയാണെല്ലാം.

അവരെ വഴിയാധാരമാക്കുന്ന സ്ഥിതി വരരുത്. അനുയോജ്യമായ തീരുമാനം സർക്കാർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

ആർ. സുരേഷ്, മുൻ കൗൺസിലർ,

അഗ്രഹാര സംരക്ഷണ സമിതി അംഗം

172 വ്യാപാര സ്ഥാപനങ്ങളും മൂന്നുറോളം വീടുകളും നഷ്ടമാകും. ഞങ്ങളുടെ ആശങ്കയും പ്രശ്‌നങ്ങളും മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. കൂടാതെ ബദൽ മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. 31ന് നടക്കുന്ന ചർച്ചയിൽ ഉചിത തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അബ്ദുൾ സലാം, വ്യവസായ പ്രതിനിധി