തിരുവനന്തപുരം: മൂന്ന് നേരം ഭക്ഷണവും ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും ഒരു ദിവസം തേനും ഒക്കെയായി അങ്കണവാടികൾ ഇപ്പോൾ അടിപൊളിയാണ്. അതിന് പിന്നാലെയിതാ അങ്കണവാടി കുട്ടികൾക്ക് യൂണിഫോം കൂടി വരുന്നു. അതും ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോം. ഷോർട്ട്സും ടീഷർട്ടുമായിരിക്കും വേഷം.

നിറം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഇതിനായി അർബൻ സി.ഡി.പി.ഒ സമർപ്പിച്ച പദ്ധതി അനുവദിച്ചത് ഇക്കഴിഞ്ഞ സെപ്തംബറിലാണ്. യൂണിഫോം പദ്ധതിക്കുള്ള ഇ ടെൻഡർ നടപടികൾ തുടങ്ങി. 30നാണ് ടെൻഡറിംഗിന്റെ അവസാന ദിനം. ജെൻഡർ ന്യൂട്രാലിറ്റി യൂണിഫോമിന്റെ ചർച്ചകൾ വന്നപ്പോഴാണ് അങ്കണവാടി കുട്ടികൾക്കും യൂണിഫോം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയുണ്ടായതെന്ന് സി.ഡി.പി.ഒ സിന്ധു ടി.പി കേരളകൗമുദിയോട് പറഞ്ഞു.

സ്കൂളിലേക്ക് പോകുന്നതിന് മുന്നോടിയായി കുട്ടികൾക്ക് യൂണിഫോം പരിചിതമാക്കുകയാണ് ലക്ഷ്യം. ഇതിന് ലഭിക്കുന്ന പിന്തുണയനുസരിച്ച് പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. എന്തായാലും തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള അങ്കണവാടികളിൽ രണ്ട് മാസത്തിനുള്ളിൽ കുട്ടികൾ യൂണിഫോം അണിഞ്ഞെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവിൽ അങ്കണവാടി ടീച്ചർമാർക്കും ഹെൽപ്പർമാർക്കും യൂണിഫോമുണ്ട്.

അളവെടുക്കൽ കഴിഞ്ഞു

കുട്ടികളുടെ അളവെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ നാല് അർബനുകൾക്ക് കീഴിലുള്ള അങ്കണവാടികളിലാണ് യൂണിഫോം വരുന്നത്.

ജനുവരിയോടെ

ഡിസംബർ പകുതിയോടെയോ ജനുവരി ആദ്യമോ യൂണിഫോം പദ്ധതി നിലവിൽ വരും. ഒരു അർബന് 5 മുതൽ 8 ലക്ഷം രൂപ വരെയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം യൂണിഫോമെന്നാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ നിലവിലെ രീതി തുടർന്നാൽ മതിയാകും.