തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിക്ക് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണെന്ന് ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്.എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. വേറെ എവിടെ നിന്നാണ് നൂറ് ദിവസമൊക്കെ സമരം നടത്താനുളള പണം ലഭിക്കുന്നതെന്ന് വ്യക്തമാക്കണം. വിഴിഞ്ഞത്ത് കോടതി വിധി നടപ്പാക്കാനുളള ഇച്ഛാശക്തിയാണ് സർക്കാർ കാണിക്കേണ്ടത്. ഇവിടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കരുത്.പൊതുമുതൽ നശിപ്പിച്ച സമരക്കാർക്കെതിരെ കേസെടുക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണെന്നും രഘുചന്ദ്രൻ നായർ ആരോപിച്ചു.
രാജ്യദ്രോഹത്തിന് കേസെടുക്കണം: ഡോ.ബിജു രമേശ്
വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേരള ചേംബർ ഒഫ് കൊമേഴ്‌സ് ചെയർമാൻ ഡോ.ബിജു രമേശ് പറഞ്ഞു. ദുബായിയിൽ നിന്നടക്കമുള്ള ലോജിസ്റ്റിക്‌സ് കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. സമരത്തെ അതിജീവിച്ച് ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർത്ഥ്യമാകും. വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മത്സ്യത്തൊഴിലാളികൾ അല്ലെന്നും അദ്ദേഹം പറഞ്ഞു.
തുറുമുഖ നിർമ്മാണം തടസപ്പെടാൻ പാടില്ല: ജി.വിജയരാഘവൻ
വിഴിഞ്ഞം തുറമുഖ നിർമ്മാണം ഇനിയും തടസപ്പെടാൻ പാടില്ലെന്ന് ടെക്‌നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവൻ പറഞ്ഞു. പി.പി.പി മോഡൽ പദ്ധതി തന്നെ തടസപ്പെടുന്നത് കേരളത്തിന് അന്താരാഷ്‌ട്ര തലത്തിൽ തിരിച്ചടിയാകും. നിരവധി തൊഴിൽ സാദ്ധ്യതകൾ ലഭിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. തീരശോഷണം ഉണ്ടായത് തുറമുഖ നിർമ്മാണം കാരണമല്ല. തുറമുഖ നിർമ്മാണം വൈകുന്നതുകാരണം അദാനിയെക്കാൾ സാമ്പത്തിക നഷ്‌ടം സംസ്ഥാന സർക്കാരിനാണ്.
സമരസമിതിയുടേത് അക്രമമാർഗം: വെങ്ങാനൂർ ഗോപകുമാർ
അക്രമ മാർഗമാണ് നൂറാംദിവസം സമരസിമിതി വിഴിഞ്ഞത്ത് പ്രയോഗിച്ചതെന്ന് ജനകീയ പ്രതിരോധ സമിതി ജനറൽ കൺവീനർ വെങ്ങാനൂർ ഗോപകുമാർ പറഞ്ഞു. തുറമുഖത്തെ അനുകൂലിച്ച് നവംബർ ഒന്നിന് വിഴിഞ്ഞത്ത് നിന്ന് സെക്രട്ടേറിയറ്റിലേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കും. തുറമുഖ വിരുദ്ധ സമരത്തെ അനുകൂലിക്കുന്ന വിവിധ സന്നദ്ധസംഘടനകൾക്ക് വിദേശത്തു നിന്ന് പണം വരുന്നുണ്ടെന്ന് ആരോപിച്ച് ഞങ്ങളിൽ ചിലർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.