
ഇന്ന് ലോക പക്ഷാഘാത ദിനം
തിരുവനന്തപുരം: അഞ്ചുമാസത്തിനുള്ളിൽ എല്ലാ ജില്ലകളിലും സ്‌ട്രോക്ക് യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പ്. പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ആരോഗ്യവകുപ്പിന്റെ ശിരസ് പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലാ ആശുപത്രികളിലായി 10 സ്‌ട്രോക്ക് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.
മറ്റിടങ്ങളിൽ യൂണിറ്റുകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി വീണാജോർജ് അറിയിച്ചു. മെഡിക്കൽ കോളേജുകൾ കൂടാതെ, തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലാണ് സ്‌ട്രോക്ക് ചികിത്സാ സൗകര്യമുള്ളത്. സ്‌ട്രോക്ക് ചികിത്സയ്ക്ക് ആവശ്യമായ വിലയേറിയ മരുന്നായ ടിഷ്യു പ്ലാസിമിനോജൻ ആക്ടിവേറ്റർ ജീവിതശൈലീ രോഗനിർണയ പദ്ധതിയുടെ ഭാഗമായി കെ.എം.എസ്.സി.എൽ വഴി സംഭരിച്ച് വിതരണം ചെയ്യുന്നു.
സ്‌ട്രോക്ക് യൂണിറ്റിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഫിസിയോതെറാപ്പിസ്റ്റുമാർക്കും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ പക്ഷാഘാത വിഭാഗവുമായി ചേർന്ന് പരിശീലനം നൽകുന്നുണ്ട്. നാളിതുവരെ 159 രോഗികൾക്ക് വിജയകരമായി സ്‌ട്രോക്ക് ത്രോംബോലൈസിസ് ചികിത്സ നൽകിയിട്ടുണ്ട്.
സമയം വിലപ്പെട്ടത്
സ്‌ട്രോക്കിന് സമയബന്ധിതചികിത്സ അത്യാവശ്യം
വായ്ക്ക് കോട്ടം, കൈയ്‌ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സ ഉറപ്പാക്കണം
ചികിത്സ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെടും.
സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ നിർണായകമാണ്.
'എല്ലാ മെഡിക്കൽ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര സ്‌ട്രോക്ക് സെന്റർ അന്തിമഘട്ടത്തിലാണ്.'
-വീണാജോർജ്
ആരോഗ്യമന്ത്രി