neya

ഉദിയൻകുളങ്ങര: നെയ്യാർ ഡാം മാൻ പാർക്കിന് സമീപത്തെ റിസർവോയറിൽ ചീങ്കണിയെ കണ്ടതോടെ ഭീതിയിൽ പ്രദേശവാസികൾ. വർഷങ്ങളായി ചീങ്കണ്ണി ഭീതി നിലനിൽക്കുന്ന സ്ഥലമാണ് നെയ്യാർ റിസർവോയർ തീരം. വെള്ളിയാഴ്ച രാവിലെ ഇതുവഴി വന്ന പ്രദേശവാസികളിൽ ചിലർ ചീങ്കണ്ണിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. സംഭരണിയിൽ ജലനിരപ്പ് ഉയർന്ന നിലയിലല്ലെങ്കിലും തീരത്തോട് ചേർന്ന് ചീങ്കണ്ണിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്. നേരത്തെയുണ്ടായ ചീങ്കണ്ണി ആക്രമണങ്ങളിൽ മൂന്ന് ജീവനുകൾ നഷ്ടമായിട്ടുണ്ട്. അനവധി പേർക്ക് അംഗവൈകല്യം സംഭവിച്ചു. രാത്രി കാലങ്ങളിൽ തീരത്തിന് സമീപത്തെ വീടുകളിലുള്ള വളർത്തു മൃഗങ്ങളെ ചീങ്കണ്ണികൾ ഇരയാക്കുന്നതും പതിവായിരുന്നു.