
തിരുവനന്തപുരം: രാജാജി നഗർ സ്വദേശി ലെനിന്റെ മൂത്ത മകൻ റോഷന്റെ ജീവിതം ഇപ്പോൾ നിശബ്ദമാണ്. കേൾവി സാദ്ധ്യമാക്കിയിരുന്ന തന്റെ ശ്രവണ സഹായി നഷ്ടമായതാണ് റോഷനെയും മാതാപിതാക്കളെയും ദുഃഖത്തിലാക്കിയിരിക്കുന്നത്. നാലുമാസം മുൻപ് പുനർജ്ജനി പദ്ധതി വഴി റോഷന് ലഭിച്ച ഒന്നരലക്ഷം രൂപയുടെ ശ്രവണ സഹായിയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്വ വൈകിട്ട് 6.30നാണ് സംഭവം. ജഗതി ബധിര വിദ്യാലയത്തിലെ പ്ളസ്ടു വിദ്യാർത്ഥിയായ റോഷൻ സ്‌കൂളിൽ താമസിച്ചാണ് പഠിക്കുന്നത്. ഇന്നലെ വൈകിട്ടോടെ ലെനിൻ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. റോഷന്റെ വസ്ത്രങ്ങളും പുസ്തകങ്ങൾക്കുമൊപ്പം ബാഗിലാണ് ശ്രവണസഹായി സൂക്ഷിച്ചിരുന്നത്. ബൈക്കിന്റെ വലതുവശത്തെ കൈപിടിയിൽ തൂക്കിയിട്ടിരുന്ന ബാഗ് യാത്രയ്ക്കിടെ നഷ്ടപ്പെടുകയായിരുന്നു. ശ്രവണ സഹായി നഷ്ടമായതോടെ സ്കൂളിൽ പോകാനാകാത്ത സ്ഥിതിയിലാണ് റോഷൻ. പുതിയൊരു ശ്രവണ സഹായി വാങ്ങാൻ വാടക വീട്ടിൽ താമസിക്കുന്ന മാതാപിതാക്കൾക്ക് കഴിയാത്തതിനാൽ ബാഗ് കിട്ടുന്നവർ ശ്രവണ സഹായി എങ്കിലും തിരിച്ചുതരണമെന്നാണ് ലെനിന്റെ അഭ്യർത്ഥന. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ കരാർ ജീവനക്കാരനാണ് ലെനിൻ . മാതാവ് സന്ധ്യാറാണി കോർപ്പറേഷനിൽ യു.ഡി ക്ളർക്കാണ്.
ജനിച്ച് എട്ടുമാസമായപ്പോൾ റോഷന് പനി ബാധിച്ചിരുന്നു. ചെറുപ്രായത്തിൽ അസുഖം വന്നതിനാൽ തന്നെ അതിന്റെ പാർശ്വഫലങ്ങളും റോഷനുണ്ടായി. കുറെനാൾ പൂർണമായും കിടപ്പിലായിരുന്നു. പിന്നീട് ആരോഗ്യം മെച്ചപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് കേൾവിക്കുറവ് തിരിച്ചറിഞ്ഞത്. തുടർന്ന് കോക്ളിയർ ഇംപ്ളാന്റ് നടത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ നേതൃത്വം നൽകുന്ന പുനർജ്ജനി സംഘടന വഴിയാണ് ഈ ശ്രവണ സഹായി ലഭിച്ചത്.
ലെനിന്റെ ഫോൺ: 9895444067