inauguration

തിരുവനന്തപുരം: പ്രധാനമന്ത്രി മുന്നോട്ട് വച്ച 'ആത്മനിർഭർ ഭാരത്' എന്ന ആശയം രാജ്യത്തെ കരകൗശല കലാകാരന്മാർക്ക് കൈത്താങ്ങാവുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള കരകൗശല വികസന കമ്മിഷണറും ഡിസ്ട്രിക്ട് എംബ്രോയ്ഡറി വർക്കേഴ്സ് വെൽഫെയർ കോഓപ്പറേറ്റിവ് സൊസൈറ്റി പ്ലാമൂട്ടുക്കടയും സംയുക്തമായി സംഘടിപ്പിക്കുന്ന 'അനന്തപുരി ക്രാഫ്റ്റ് മേള' പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഹാന്റിക്രാഫ്ട്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് ഡയറക്ടർ ധനുർ സി.വി അദ്ധ്യക്ഷനായി. മന്ത്രി ആന്റണി രാജു ആദ്യ വില്പന ഉദ്ഘാടനം ചെയ്തു. കേരള ചേംബർ ഒഫ് കൊമേഴ്‌സ് ചെയർമാൻ ഡോ.ബിജു രമേശ് ആദ്യ വില്പന ഏറ്റുവാങ്ങി. കളക്ടർ ജെറോമിക് ജോർജ്, എം.ആർ. ഗോപൻ, പി. പദ്മകുമാർ, സിമി ജ്യോതിഷ്, ശ്രീവരാഹം വിജയൻ, ഡി. ശിശുപാലൻ, വീണ.എസ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് പ്രവേശനം.നവംബർ 6ന് സമാപിക്കും.

വിഴിഞ്ഞം തുറമുഖം രാജ്യത്തിന്

ആവശ്യം: ഡോ.ബിജു രമേശ്

സമരത്തിന് വിദേശ ഫണ്ട് എത്തുന്നുണ്ടോ എന്ന് അന്വേഷിക്കണം, വിഴിഞ്ഞം തുറമുഖം രാജ്യത്തിന് ആവശ്യമാണെന്നും ഡോ.ബിജു രമേശ് പറഞ്ഞു. അനന്തപുരി ക്രാഫ്റ്റ് മേളയിൽ ആദ്യ വില്പന ഏറ്റുവാങ്ങവെയാണ് കേരളകൗമുദി വാർത്തയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്. തുറമുഖത്തിനെതിരെയുള്ള സമരത്തിൽ മറ്റ് ശക്തികളുടെ പങ്കാളിത്തം ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.