തിരുവനന്തപുരം : കാൻസർ ബാധിച്ചാൽ അലോപ്പതി ചികിത്സ വലിച്ചെറിഞ്ഞ് സമാന്തര ചികിത്സ തേടുന്നതിലൂടെ നിരവധി പേർക്ക് ജീവൻ നഷ്ടമാകുന്നുവെന്നും ഇത് ഗൗരവമായി കാണണമെന്നും കാൻസർ വിദഗ്ദ്ധൻ ഡോ.എം.വി.പിള്ള . സമീപകാലത്ത് കേരളത്തിൽ പ്രശസ്തരായ മൂന്നു പേർക്ക് ഇത്തരത്തിൽ ജീവൻനഷ്ടമായി. കഴിഞ്ഞദിവസം രാവിലെയും പ്രഗത്ഭനായ വ്യക്തി ആലോപ്പതിവിട്ട് പച്ചമരുന്ന് തേടിപ്പോയി. രോഗികളുടെ സ്വകാര്യത സൂക്ഷിക്കേണ്ടത് ഡോക്ടറുടെ കടമയായതിനാൽ പേര് വെളിപ്പെടുത്തുന്നില്ല- ആർ.സി.സിയിൽ ഡോ.കൃഷ്ണൻ നായർ അനുസ്മരണ പ്രഭാഷണത്തിനിടെയാണ് ഡോ.പിള്ള സമാന്തര ചികിത്സയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചത്. മാദ്ധ്യമങ്ങളിലെയും പൊതുജനങ്ങളിലെയും ഒരുവിഭാഗം ഇത്തരം തെറ്റായ രീതികളെ പ്രോത്സാഹിപ്പിക്കുന്നു. രാഷ്ട്രപതിയായിരുന്ന കെ.ആർ.നാരായണന്റെ ബന്ധുവായ കുട്ടിക്ക് ലുക്കീമിയ ബാധിച്ചപ്പോൾ ഹിമാചൽ പ്രദേശിലെ വൈദ്യനായ ഡോ.ബാലേന്ദു പച്ചമരുന്ന് നൽകി രോഗം ഭേദമാക്കിയെന്ന് അറിഞ്ഞു. 2000-2001 കാലത്താണ് സംഭവം. അത്തരമൊരു സാദ്ധ്യതയുണ്ടെങ്കിൽ അതിന് ശാസ്ത്രീയ അടിത്തറയുണ്ടാക്കാൻ ആർ.സി.സിയിലെ ഡോ.കൃഷ്ണൻ നായരും താനും ഒരു പരിഹാരം നിർദ്ദേശിച്ചു. ആർ.സി.സിയിലെ അഞ്ചു കിടക്കകൾ മാറ്റിവച്ചു. ഡോ.ബാലേന്ദുവിനെ ക്ഷണിച്ചു. അലോപ്പതിക്കു പുറത്ത് ചികിത്സ താത്പര്യമുള്ളവരെ അദ്ദേഹത്തിന് ചികിത്സിക്കാമെന്നും അറിയിച്ചു. രോഗിക്കുള്ള ഭക്ഷണം, മറ്റ് നഴ്സിംഗ് ചെലവുകളും ആർ.സി.സി വഹിക്കുമെന്നും രോഗം ശമിച്ചാൽ അത് ശാസ്ത്രീയമായി തെളിയിക്കാനുള്ള അവകാശം മാത്രം ആർ.സി.സിക്ക് നൽകണമെന്നും പേറ്റന്റ് ബാലേന്ദുവിന് നൽകുമെന്നും വാഗ്ദാനം ചെയ്തു.ബാലേന്ദു രണ്ട് മയലോമ രോഗികളെയും രണ്ട് ലിംഫോമ രോഗികളെയും കൊണ്ടുവന്ന് ചികിത്സിച്ചു. ഒരുമാസം കഴിഞ്ഞപ്പോൾ രോഗികൾ ഡിസ്ചാർജ് വാങ്ങിപ്പോയി. പിന്നാലെ ബാലേന്ദുവും മടങ്ങി. ഇതാണ് മുന്നിലുള്ള അനുഭവം. അതിനാൽ കാൻസർ ബാധിതർ അലോപ്പതി ചികിത്സ ഉപേക്ഷിക്കുന്നത് അപകടമാണെന്നും ഡോ. പിള്ള ഓർമ്മിപ്പിച്ചു.