deepam

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന തിരുവിതാംകൂർ പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പൂർത്തിയാക്കിയ എട്ട് പൈതൃക മന്ദിരങ്ങളിലെ ദീപാലങ്കാര പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്റി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു.

സുന്ദരവിലാസം കൊട്ടാരം, തിരുവനന്തപുരം വികസന അതോറി​ട്ടി (ട്രിഡ) മന്ദിരം, പാളയം ശക്തിവിനായക ക്ഷേത്രം, കേരള മ്യൂസിയം, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്, ബാങ്ക് ഹൗസ്, എൽ.എം.എസ് വിമൽസ് ഹോസ്​റ്റൽ, പാളയം ജുമാമസ്ജിദ് എന്നിവയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്.

ആദ്യഘട്ടത്തിൽ നഗരത്തിലെ 30 പൈതൃക മന്ദിരങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും വെളിവാക്കത്തക്ക വിധത്തിൽ ദീപാലംകൃതമാക്കും. അടുത്ത ഘട്ടം സമയബന്ധിതമായി പൂർത്തിയാക്കും. പൈതൃക മന്ദിരങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും സർക്കാർ ഊന്നൽ നൽകുന്നുണ്ടെന്നും മന്ത്റി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ 8 പൈതൃക മന്ദിരങ്ങളുടെ ദീപാലങ്കാര പ്രവൃത്തികളാണ് പൂർത്തിയാക്കിയതെന്നും ഒരു മാസത്തിനകം 12 പ്രവൃത്തികളും ഈ വർഷാവസാനത്തോടെ മുഴുവൻ മന്ദിരങ്ങളുടെ ദീപാലങ്കാരവും പൂർത്തിയാക്കുമെന്നും ടൂറിസം ഡയറക്ടർ പി.ബി.നൂഹ് പറഞ്ഞു. കൗൺസിലർ രാഖി രവികുമാർ അധ്യക്ഷനായിരുന്നു. ടൂറിസം ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു എന്നിവർ പങ്കെടുത്തു.