dd

നെയ്യാറ്റിൻകര: ജനറൽ ആശുപത്രി വളപ്പിലെ 3 തണൽമരങ്ങൾ മുറിച്ച് മാറ്റിയ സംഭവത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ചു. ഇന്നലെയാണ് ആശുപത്രി വളപ്പിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ആശ്വസകരമായി നിന്ന മരങ്ങൾ മുറിച്ചുമാറ്റിയത്. മാസങ്ങളായി ഈ മരങ്ങൾ മുറിക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും രാഷ്ട്രീയ കക്ഷിഭേദമന്യേയുള്ള എതിർപ്പുകാരണം മുറിക്കൽ നീളുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തിടുക്കപ്പെട്ട് മരങ്ങൾ മുറിച്ച് മാറ്റിയത്. ശിഖരങ്ങൾ വെട്ടിമാറ്റാൻ നിർദ്ദേശിച്ചതിനെ മരം വേരോടെ മുറിച്ചുമാറ്റുകയായിരുന്നു ബന്ധപ്പെട്ടവർ ചെയ്തതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

ബി.ജെ.പി കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. തുടർന്ന് നെയ്യാറ്റിൻകര എസ്.ഐ സജീവിന്റെ നേത്യത്വത്തിൽ മരം മുറിച്ചത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന ഉറപ്പിന്മേൽ സമരം പിൻവലിച്ചു.

തണൽ മരങ്ങൾ മുറിച്ച്

മാറ്റിയ നടപടി പ്രതിഷേധാർഹം

രോഗികൾക്ക് ഏറെ ആശ്വാസമായിരുന്ന തണൽ മരങ്ങളെ മുറിച്ച് മാറ്റിയ നടപടി ഏറെ പ്രതിഷേധാർഹമാണെന്ന് ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായരും ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാറും പറഞ്ഞു.മരങ്ങൾ മുറിച്ച് മാറ്റാൻ നിർദ്ദേശം നൽകിയ അധികൃതർക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന് ഫ്രാൻ ആവശ്യപ്പെട്ടു.