മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ജില്ലയിൽ ഡോക്ടർമാരുടെ മരുന്ന് കുറിപ്പടികൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ദുരുപയോഗം ചെയ്തും മാറ്റം വരുത്തിയും മാനസിക രോഗത്തിനുള്ള മരുന്നുകളും മറ്റും വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കളക്ടറേറ്റിൽ ജില്ലാ വികസന ഓഫീസർ അനുകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
എല്ലാ ആരോഗ്യ വിദഗ്ദ്ധരും മരുന്ന് കുറിപ്പടികൾ നൽകുമ്പോൾ സീലും തീയതിയും നിർബന്ധമായി കുറിക്കണം. സീലും ഒപ്പും ഉണ്ടോയെന്ന് മരുന്ന് വ്യാപാരികൾ ഉറപ്പ് വരുത്തണം. ഷെഡ്യൂൾ എക്‌സ് മരുന്നുകൾ നൽകുമ്പോൾ മരുന്ന് കുറിപ്പടിയുടെ അസൽ നിർബന്ധമായും സൂക്ഷിക്കണം. അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറോട് നിർദേശിച്ചു. കൃത്രിമം കാട്ടിയതോ, മാറ്റം വരുത്തിയതോ ആയ കുറിപ്പടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണം. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ അടങ്ങുന്ന സ്റ്റിക്കർ ലഭ്യമായാൽ എല്ലാ മെഡിക്കൽ ഷോപ്പുകളിലും പ്രദർശിപ്പിക്കണമെന്നും ജില്ലാ വികസന കമ്മിഷണർ നിർദ്ദേശിച്ചു.