photo

പാലോട്: 720 കോടി ചെലവിട്ട് വാമനപുരം നദിയിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനായുള്ള നീർധാര പദ്ധതിയുടെ നടത്തിപ്പിനായി, ജനകീയ സമിതി രൂപീകരണം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം അദ്ധ്യക്ഷയായി. തെളിനീരിനൊപ്പം തെളിനേരിനൊപ്പം എന്ന ആപ്തവാക്യം പ്രാവർത്തികമാക്കിയാണ് പദ്ധതിയുടെ നടത്തിപ്പ്.വാമനപുരം നദിയുടെ അനുബന്ധ നീർചാലുകളുടേയും ശുദ്ധീകരണത്തിനും സംരക്ഷണത്തിനുമായി തയ്യാറാക്കിയ പദ്ധതിയാണ് നീർധാര.നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി 2022-25 കാലയളവിൽ പദ്ധതി പൂർത്തിയാക്കും.ഈ പദ്ധതിയുടെ ഡി.പി.ആർ മുഖ്യമന്ത്രി നേരത്തേ പ്രകാശനം ചെയ്തിരുന്നു.പ്രവൃത്തിയുടെ രൂപരേഖാകലണ്ടറും അവതരിപ്പിച്ചിരുന്നു.

ഒൻപത് ഗ്രാമപഞ്ചായത്തുകളിലും 1 മുതൽ 15നകം പഞ്ചായത്തുതല ജനകീയ സമിതികളും 16 മുതൽ ഡിസംബർ 20 വരെ പ്രാദേശിക സമിതികളും രൂപീകരിക്കും.നീർച്ചാലുകൾ കേന്ദ്രീകരിച്ച് രണ്ടു കിലോമീറ്ററിനുള്ളിലാണ് ദൂരപരിധി.ജനകീയ കൺവൻഷൻ ജനുവരി 1ന് നടക്കും.പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജാ രാജീവൻ,ഷിനു,ജില്ലാ പഞ്ചായത്തംഗങ്ങളായ സോഫി തോമസ്,സുനിത തുടങ്ങിയവർ പങ്കെടുത്തു.