
കല്ലമ്പലം: കാഴ്ച മറഞ്ഞ് ജീവിതം ഇരുട്ടിലായ വീട്ടമ്മ സുമനസുകളുടെ സഹായം തേടുന്നു. സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത മടവൂർ ചേങ്കോട്ടുകോണം പടിഞ്ഞാറ്റേല ചരുവിള പുത്തൻ വീട്ടിൽ കനകമ്മ (60) യാണ് സഹായത്തിനായി കൈ നീട്ടുന്നത്. കണ്ട കാഴ്ചകളും കടന്നുപോയ വഴികളും കണ്ണിൽ നിന്ന് മാഞ്ഞതോടെ വാടക വീട്ടിൽ ഒതുങ്ങുകയാണ് ഈ അമ്മ.
ഒരു പതിറ്റാണ്ടോളം കാട്ടുപുതുശ്ശേരിയിലെ കശുഅണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു. കാഴ്ച മാഞ്ഞതോടെ രണ്ടു വർഷം മുൻപ് ജോലി നഷ്ടമായി. ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയുമാണ് മകളെ വിവാഹം കഴിപ്പിച്ചത്. ഭർത്താവ് തങ്കപ്പൻപിള്ള 20 വർഷത്തിനുമുൻപ് മരിച്ചു. ജീവിതക്കയത്തിൽ തുഴഞ്ഞ കനകമ്മ, കാഴ്ച കൂടി നഷ്ടമായതോടെ ഏകാന്തതയുടെ തടവുകാരിയായി. കാഴ്ച തിരികെ ലഭിക്കണമെങ്കിൽ സർജറിയടക്കം വിദഗ്ദ്ധ ചികിത്സ ആവശ്യമാണ്. മകൻ ശ്രീജിത്ത് മാത്രമാണ് അമ്മയ്ക്കുതുണ. മകൻ കൂലിപ്പണിക്കു പോയിക്കിട്ടുന്ന പൈസ കൊണ്ടാണ് അടുപ്പിൽ തീ പുകയുന്നത്. പെൻഷന് അപേക്ഷിച്ചെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് അധികൃതർ നിരസിച്ചു. പഞ്ചായത്തിൽ നിന്ന് ഭൂമിയോ വീടോ അനുവദിച്ചുകിട്ടാനായി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. വീട് വാടകയിനത്തിലും കുടിശ്ശികയുണ്ട്. കണ്ണിന് കാഴ്ച ലഭിക്കണം, സ്വന്തമായൊരു കിടപ്പാടം വേണം . ഇതാണ് ഈ അമ്മയുടെ ആവശ്യം. കനകമ്മയുടെ പേരിൽ എസ്.ബി.ഐ പോങ്ങനാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 32928690050.IFSC:SBIN0008030.
ഫോൺ: 8281714756.