
തിരുവനന്തപുരം: അലോഷ്യസ് സേവ്യറിനെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിനു പിന്നാലെ സംഘടനയിൽ ചേരിപ്പോരിന്റെ ആലോസരം മറനീക്കി പുറത്തുവന്നു. സ്ഥാനമൊഴിഞ്ഞ കെ.എം.അഭിജിത്തിനെക്കാൾ പ്രായമുള്ള അലോഷ്യസിനെ സംസ്ഥാന പ്രസിഡന്റാക്കിയത് കെ.എസ്.യുവിനെ ദുർബലമാക്കുമെന്നാണ് എതിർപ്പുന്നയിക്കുന്നവരുടെ വാദം. സംസ്ഥാന കമ്മിറ്റിയിലും ജില്ല കമ്മിറ്റികളിലും പ്രായപരിധി 27 കർശനമായി നടപ്പാക്കാനിരിക്കെ 29കാരനെ അദ്ധ്യക്ഷനാക്കിയതിനോട് യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. പുനഃസംഘടന നീണ്ടുപോയതുവഴി മൂന്നു തലമുറയ്‌ക്ക് നേതൃത്വത്തിൽ എത്താനുളള അവസരമാണ് നഷ്‌ടമായത്. പ്രായപരിധി മാനദണ്ഡമാക്കാതെ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിനാൽ സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കുമ്പോൾ സ്ഥാനമൊഴിഞ്ഞ പലർക്കും വീണ്ടും ഭാരവാഹിത്വം നൽകേണ്ടിവരും.
കാലങ്ങളായി എ ഗ്രൂപ്പുകാരാണ് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തുന്നത്. ഇത്തവണയും മാറ്റമുണ്ടായില്ല. എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ഉമ്മൻചാണ്ടിയുടെ നിർദ്ദേശത്തിനൊപ്പം വി.ഡി.സതീശന്റെ പിന്തുണകൂടി ലഭിച്ചതാണ് അലോഷ്യസിനു തുണയായത്. കെ.സുധാകരനും കെ.സി.വേണുഗോപാലും അടക്കമുളളവർ എതിർപ്പുയർത്തിയില്ല. സുധാകരൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിച്ച മുഹമ്മദ് ഷമാസിനെ ഉപാദ്ധ്യക്ഷനാക്കിയപ്പോൾ യുവനേതാക്കൾ പിന്തുണച്ച അമൽജോയിയെ തഴഞ്ഞതും അലോസരത്തിന് വഴിയൊരുക്കി.
കെ.എസ്.യു പുനഃസംഘടനയിലെ അതൃപ്‌തി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരസ്യമാക്കി രമേശ് ചെന്നിത്തല വിഭാഗവും രംഗത്തെത്തി. ചെന്നിത്തലയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത് അയോഗ്യത അഭിമാനം എന്നെഴുതിയാണ് പ്രതിഷേധം. സംസ്ഥാന സെക്രട്ടറിയായിരുന്ന യദുകൃഷ്‌ണൻ അടക്കമുളളവർ ഇത്തരത്തിൽ പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചയാളാണ് യദുകൃഷ്‌ണൻ. സംസ്ഥാന കമ്മിറ്റിയിലെ ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ ഗ്രൂപ്പുകൾ വീതംവയ്‌ക്കും. നിലവിൽ 11 ജില്ല പ്രസിഡന്റുമാർ എ ഗ്രൂപ്പുകാരാണ്. പുനഃസംഘടനയിൽ ചില ജില്ലകൾ എ ഗ്രൂപ്പ് വിട്ടുകൊടുത്തേക്കുമെന്നാണ് സൂചന.