തിരുവനന്തപുരം: പാറശാലയിൽ സുഹൃത്തായ പെൺകുട്ടി നൽകിയ കഷായവും ജ്യൂസും കഴിച്ചതിനെ തുട‌‌ർന്ന് മുരിയങ്കര ജെ.പി ഹൗസിൽ ഷാരോൺരാജ് (23) മരിച്ച സംഭവത്തിൽ ദുരൂഹതയുണ‌ർത്തുന്ന കൂടുതൽ തെളിവുകൾ പുറത്തായി. ഷാരോണിന്റെ മരണത്തിൽ നിർണായകമായേക്കാവുന്ന രക്തപരിശോധനാഫലം ഉൾപ്പെടെയുള്ള തെളിവുകളാണ് പുറത്തായത്.ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ഡെസിലിറ്ററിൽ ഒരുമില്ലിഗ്രാം എന്ന നിലയിലായിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ബിലിറൂബിൻ കൗണ്ട് അഞ്ച് മില്ലിഗ്രാം എന്ന നിലയിലേക്ക് ഉയ‌ർന്നതായാണ് പരിശോധനാഫലം.

ബിലിറൂബിന്റെ അളവ് പെട്ടെന്ന് ഉയരാനിടയായ സാഹചര്യവും അത് വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവ‌ർത്തനം നിലയ്ക്കാൻ ഇടയാക്കിയതെങ്ങനെയെന്നതും സംബന്ധിച്ച് പൊലീസും വിശദമായി അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി പാറശാല ഗവ.ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഷാരോണിന്റെ ചികിത്സാരേഖകൾ ശേഖരിച്ച പൊലീസ് ഇതിൽ വിദഗ്ദ്ധ ഉപദേശം തേടി.

കൂടാതെ ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഫോറൻസിക് ലാബിൽ നിന്ന് ഉടനടി ലഭ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

രാസപരിശോധനാ ഫലത്തിൽ നിന്ന് മരണകാരണമെന്തെന്ന് ഉറപ്പിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൂടാതെ ഷാരോണിന് മുൻപ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് അറിയുന്നതിന് ഇയാളുടെ പൂ‌ർവകാല ആരോഗ്യ സ്ഥിതിഗതികളും അന്വേഷണസംഘം ആരായും.

അതേസമയം,​ വെള്ളിയാഴ്ച പെൺകുട്ടിയുടെ മൊഴിയെടുത്തതല്ലാതെ കൂടുതൽ വിവരങ്ങൾ ചോദിച്ചറി‍ഞ്ഞിട്ടില്ല. പാറശാലയിൽ നിന്ന് പത്ത് കിലോമീറ്ററോളം മാറി തമിഴ്നാട് രാമവർമ്മൻചിറയിലാണ് പെൺകുട്ടിയുടെ വീട്.

കൂടുതൽ ദുരൂഹതയുണർത്തി

വാട്സ്ആപ്പ് സന്ദേശം

മരണപ്പെടുന്നതിന് തൊട്ടുമുൻപ് ഷാരോൺ പെൺസുഹൃത്തിന് അയച്ച വാട്സ്ആപ്പ് ശബ്ദസന്ദേശമാണ് ഇന്നലെ പുറത്തായത്. സുഹൃത്തായ പെൺകുട്ടിയുടെ വീട്ടിൽ നിന്നും കഷായം കഴിച്ച വിവരം താൻ വീട്ടിൽ ആരോടും പറഞ്ഞിട്ടില്ലെന്നും സഹോദരൻ അറിഞ്ഞാൽ പ്രശ്നമാകുമെന്ന് ഭയന്നാണെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. കാലാവധി കഴിഞ്ഞ ജ്യൂസ് കഴിച്ചുവെന്ന് മാത്രമാണ് വീട്ടുകാരോട് പറഞ്ഞതെന്നും ഇതിൽ വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം അന്ധവിശ്വാസങ്ങളുമായി സംഭവത്തെ ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങളും ശക്തമായി. ഷാരോണുമായി അടുപ്പമുള്ള പെൺകുട്ടിക്ക് ആദ്യഭർത്താവ് വാഴില്ലെന്ന് ജ്യോത്സ്യൻ ഉപദേശിച്ചിരുന്നുവെന്നും രണ്ടാം വിവാഹക്കാരിയാകാതിരിക്കാൻ ഷാരോണിനെ ഒഴിവാക്കാൻ നടത്തിയ ശ്രമമാണ് മരണത്തിൽ കലാശിച്ചതെന്നുമാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നൽകാൻ അന്വേഷണസംഘം തയ്യാറായിട്ടില്ല.

മരണകാരണമെന്തെന്ന് കണ്ടെത്തിയശേഷം മറ്റ് കാര്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.

ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട്

ഷാരോണിന്റെ മാതാപിതാക്കൾ

മകനെ അപായപ്പെടുത്തിയതാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഷാരോണിന്റെ പിതാവ് ബൈറ്റ് ജയരാജൻ. പെൺകുട്ടി ഷാരോണിന് നൽകിയ ജ്യൂസിൽ നിറവ്യത്യാസം ഉണ്ടായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. സ്ളോ പോയിസണിംഗിലൂടെ ഷാരോണിനെ വകവരുത്തുകയാണ് ചെയ്തത്. ഷാരോണും പെൺകുട്ടിയും തമ്മിൽ വെട്ടുകാട് പള്ളിയിൽ വച്ച് വിവാഹം ചെയ്തിട്ടുണ്ടെന്നും അന്ധവിശ്വാസങ്ങൾക്ക് വിധേയയായ പെൺകുട്ടിയും കുടുംബവും ജ്യോത്സ്യൻ പ്രവചിച്ച വിവാഹദോഷം ഒഴിവാക്കാൻ മകനെ അപായപ്പെടുത്തുകയായിരുന്നുവെന്നും ബൈറ്റ് ജയരാജ് ആരോപിക്കുന്നു.

മകന്റെ മരണമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പാറശാല പൊലീസിൽ നിന്ന് മതിയായ അന്വേഷണം ഉണ്ടാകാത്ത സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.

#താൻ നിരപരാധിയെന്ന് പെൺകുട്ടി

ഷാരോണിന്റെ മരണത്തിൽ താൻ നിരപരാധിയാണെന്ന വെളിപ്പെടുത്തലുമായി ആരോപണ വിധേയയായ പെൺകുട്ടി. താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന ശബ്ദസന്ദേശവും ഷാരോണിന്റെ അച്ഛനുമായുള്ള വാട്സ്ആപ്പ് ചാറ്റുമാണ് പുറത്തുവന്നത്. എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന് അറിയില്ല.അങ്ങനെ എന്തെങ്കിലും ചെയ്യാനാണെങ്കിൽ നേരത്തെ ആകാമായിരുന്നു. ആരും അറിയാതെ ഞങ്ങൾ തമ്മിൽ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും, ഒറ്റയ്ക്കല്ല ഷാരോൺ വീട്ടിൽ വന്നതെന്നും സുഹൃത്തായ റെജിനുമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തുന്ന പെൺകുട്ടി, അങ്ങനെയുള്ളപ്പോൾ താൻ എന്തെങ്കിലും ചെയ്യുമോയെന്നും ചോദിക്കുന്നുണ്ട്.